പാര്‍ഥ ചാറ്റര്‍ജിയുടെ വീട്ടില്‍ മോഷണം

ഡൽഹി: അധ്യാപകനിയമന കുംഭകോണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ വ്യവസായമന്ത്രി ഇ.ഡി അറസ്റ്റ് ചെയ്ത പാര്‍ഥ ചാറ്റര്‍ജിയുടെ വീട്ടില്‍ മോഷണം. സൗത്ത് 24 പര്‍ഗാനയിലുള്ള പാര്‍ഥയുടെ വീട്ടില്‍ ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നത്. കതകിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് മന്ത്രിയുടെ വസതിയില്‍ കയറിയതെന്നാണ് സൂചന.

മന്ത്രിയുടെ വീട്ടില്‍നിന്ന് വലിയ ബാഗുകളിലാക്കി നിരവധി സാധനങ്ങള്‍ കൊണ്ടുപോയതായി പ്രദേശവാസികളായ ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ മറ്റൊരു ഇ.ഡി.റെയ്ഡാണ് നടക്കുന്നതെന്നാണ് തങ്ങള്‍ കരുതിയതെന്നും ആളുകള്‍ പറഞ്ഞു.

പാര്‍ഥ ചാറ്റര്‍ജിയുടെ മകള്‍ സോഹിണി ചാറ്റര്‍ജിയുടെ പേരിലുള്ളതാണ് സൗത്ത് 24 പര്‍ഗാനയിലുള്ള ഈ വീട്. സോഹിണി ഭര്‍ത്താവിനൊപ്പം വിദേശത്താണ്. പാര്‍ഥ ചാറ്റര്‍ജിക്കൊപ്പം ഇ.ഡി.അറസ്റ്റ് ചെയ്ത അര്‍പ്പിത മുഖര്‍ജി ഈ വീട്ടില്‍ പതിവ് സന്ദര്‍ശകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മോഷണം നടന്ന വിവരം വ്യാഴാഴ്ച രാവിലെയാണ് പോലീസിന് ലഭിക്കുന്നത്.’അഞ്ജാതരായ നാലോളം പേര്‍ ഒരു മിനി ട്രക്കുമായാണ് വന്നത്. ചുറ്റുമതില്‍ ചാടിക്കടന്ന് കതകിന്റെ പൂട്ട് തകര്‍ത്താണ് വീടിനകത്ത് കയറിയത്. പൂട്ട് തകരുന്ന ശബ്ദം കേട്ടാണ് നാട്ടുകാരില്‍ ചിലര്‍ പുറത്തിറങ്ങിയത്’, പോലീസ് അറിയിച്ചു.

Top