പോലീസ് സീല്‍ ചെയ്ത മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ പോലീസ് സീല്‍ ചെയ്ത വീട്ടില്‍ മോഷണം. വ്യാജ പുരാവസ്തുക്കളും വിഗ്രഹങ്ങളും സൂക്ഷിച്ചിരുന്ന മോന്‍സന്റെ കലൂരിലെ വീട്ടിലെ സാധനങ്ങളാണ് കാണാതായിരിക്കുന്നത്. ഇതില്‍ വ്യാജ പുരാവസ്തുക്കളൊന്നും നഷ്ടമായിട്ടില്ലെന്നും വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയിരിക്കുന്നതെന്നും മോന്‍സന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വൈ.ആര്‍. റസ്റ്റം അറിയിച്ചു. വീട്ടില്‍ മോഷണം നടന്നതായി മോന്‍സന്റെ ബന്ധുക്കളും പരാതി നല്‍കിയിരുന്നു.

വീട്ടിലുണ്ടായിരുന്ന നിലവിളക്കുകള്‍, പഞ്ചലോഹത്തിലും ചെമ്പിലും തീര്‍ത്ത പ്രതിമകള്‍ തുടങ്ങിയ 15 വസ്തുക്കളാണ് നഷ്ടമായിരിക്കുന്നത്. വീടിന്റെ വാതികളോ ജനലുകളോ തകര്‍ത്തതായി കണ്ടെത്തിയിട്ടില്ല. അതിനാല്‍, ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കൈവശമുള്ള ആളുകളാകാം മോഷണം നടത്തിയിരിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

കോടതി ഉത്തരവ് പ്രകാരം വീട്ടിലെ സാധനങ്ങള്‍ മാറ്റാന്‍ എത്തിയപ്പോഴാണ് ലിസ്റ്റിലുള്ള എല്ലാ സാധനങ്ങളും മോന്‍സന്റെ വീട്ടില്‍ ഇല്ലെന്ന് മനസ്സിലായതെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. നോര്‍ത്ത് പോലീസ് സ്റ്റേഷനിലാണ് താക്കോല്‍ ലോക്ക് ചെയ്ത്വെച്ചിരുന്നത്. ആദ്യം സെക്യൂരിറ്റി ഉണ്ടായിരുന്നെങ്കിലും പഴയ സാധനങ്ങളായതിനാല്‍ പിന്നീട് സുരക്ഷ ഒഴിവാക്കിയിരുന്നു. അതറിഞ്ഞാവണം മോഷണം നടത്തിയതെന്നും ഡിവൈ.എസ്.പി. കൂട്ടിച്ചേര്‍ത്തു. മോഷണം സംബന്ധിച്ച റിപ്പോര്‍ട്ട് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നല്‍കി. നോര്‍ത്ത് പോലീസാകും തുടരന്വേഷണം നടത്തുക.

Top