ബുറേവി കാറ്റിന്റെ വേഗത കുറഞ്ഞു; കേരളത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ബുറേവി ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞു. അതിതീവ്ര ന്യൂനമര്‍ദം വീണ്ടും ദുര്‍ബലമായതോടെ കേരളത്തില്‍ സാധാരണ മഴ മാത്രമേ ഉണ്ടാകൂ. കേരളത്തില്‍ ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലര്‍ട്ട് ഇല്ല. കേരളത്തിനുള്ള എല്ലാ ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും പിന്‍വലിച്ചു. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് നിലവിലുള്ള മുന്നറിയിപ്പ്. കേരളത്തില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

ഒറ്റപ്പെട്ട കനത്ത മഴക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് സാധ്യത. അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് ശക്തമായ മഴ ഉണ്ടാവുക. അതേസമയം, ബുറേവി ചുഴലിക്കാറ്റ് കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച പൊതു അവധിയില്‍ മാറ്റമില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വ്വീസുകള്‍, തെരഞ്ഞെടുപ്പ് ജോലികള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.

അതിനിടെ, തിരുവനന്തപുരം വിമാനത്താവളം രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് അടച്ചിടും. കേരള, എം ജി. ആരോഗ്യ സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കനത്ത മഴ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്നത്തെ പിഎസ്‌സി പരീക്ഷയും അഭിമുഖവും മാറ്റിവെച്ചു.

Top