അട്ടിമറിക്കൂലി തര്‍ക്കം; സപ്ലൈകോ ഗോഡൗണില്‍ കടല ഇറക്കാന്‍ വിസമ്മതിച്ച് ചുമട്ട് തൊഴിലാളികള്‍

തിരുവനന്തപുരം: അട്ടിമറിക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദുരിതാശ്വാസ കിറ്റ് വിതരണത്തിനുള്ള കടല, ഗോഡൗണില്‍ ഇറക്കാന്‍ വിസമ്മതിച്ച് ചുമട്ട് തൊഴിലാളികള്‍.

തിരുവനന്തപുരം വലിയതുറയിലെ സപ്ലൈകോ ഗോഡൗണിലാണ് സംഭവം. ലോറിയില്‍ നിന്നും താഴെയിറക്കുന്ന ലോഡ് ഗോഡൗണില്‍ അട്ടിയായി അടുക്കി വയ്ക്കുന്നതിനുള്ള കൂലിയാണ് അട്ടിമറിക്കൂലി.

നാഫെഡില്‍ നിന്നാണ് ഒരു കണ്ടെയ്‌നര്‍ നിറയെ കടല ഇന്ന് വലിയതുറയില്‍ എത്തിയത്. ലോറിയില്‍ നിന്നും കടല താഴെയിറക്കാനുള്ള കൂലി തൊഴിലാളികള്‍ക്ക് നല്‍കേണ്ടത് സപ്ലൈകോയാണ്.

ഇവിടെ നിന്നും കടല ഗോഡൗണില്‍ കൊണ്ടുവെക്കുന്നതിനുള്ള കൂലിയെ ചൊല്ലിയാണ് തര്‍ക്കം നടക്കുന്നത്. എന്നാല്‍ തൊഴിലാളികളുടെ വാദം നാഫെഡ് അംഗീകരിച്ചില്ല. ഇത്തരത്തിലൊരു നിയമമില്ലെന്നാണ് നാഫെഡിന്റെ വിശദീകരണം.

വിവിധ ട്രേഡ് യൂണിയനുകളിലെ അംഗങ്ങളായവര്‍ സ്ഥലത്തുണ്ട്. ഇരുപക്ഷവും തീരുമാനത്തില്‍ ഉറച്ച് നിന്നതോടെയാണ് സാധനങ്ങള്‍ ഇറക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടത്.

Top