ബുംറയ്ക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും

മുംബൈ: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. പുറംഭാഗത്ത് പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ബുംറയ്ക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും. ബുംറയുടെ പരിക്ക് ഗുരുതരമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം പരിക്കേറ്റ ബുംറ ഉടന്‍ തന്നെ വൈദ്യസഹായം തേടിയിരുന്നു. ഇക്കാരണം കൊണ്ട് താരത്തെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുംറയുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ താരത്തിന് അനുവദിച്ച വിശ്രമം നീട്ടിയേക്കും.

ബുംറയുടെ ബൗളിങ് ആക്ഷന്‍ തന്നെയാണ് പരിക്കിന് കാരണം. 2019-ലും ഇതുപോലെ പരിക്കേറ്റ ബുംറ മാസങ്ങളോളം ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ബുംറ പഴയ ഫോം വീണ്ടെടുക്കുകയും ചെയ്തു.

നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ് ബുംറ. ഒക്ടോബറിലാണ് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുന്നത്. ബുംറ കളിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിങ് ലൈനപ്പിനെ അത് സാരമായി ബാധിക്കും.

Top