ഐസിസി റാങ്കിംഗിൽ മുന്നോട്ട് കുതിച്ച് ബുംറയും സൂര്യകുമാറും

റ്റവും പുതിയ ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. പേസർ ജസ്പ്രീത് ബുംറ ഏകദിന റാങ്കിംഗിലും ബാറ്റർ സൂര്യകുമാർ യാദവ് ടി-20 റാങ്കിംഗിലും നേട്ടമുണ്ടാക്കി. ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം കീഴടക്കി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 19 റൺസിന് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. നാലാം സ്ഥാനത്ത് നിന്നാണ് ബുംറ ഒന്നാം സ്ഥാനത്തെത്തിയത്. 718 ആണ് ബുംറയുടെ റേറ്റിംഗ്. ന്യൂസീലൻഡിന്റെ ട്രെന്റ്ബോൾട്ട് രണ്ടാമതും പാക് പേസർ ഷഹീൻ അഫ്രീദി മൂന്നാമതുമാണ്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20യിൽ തകർപ്പൻ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് ബാറ്റർമാരുടെ ടി-20 റാങ്കിംഗിൽ ആദ്യ പത്തിലെത്തി. 44 സ്ഥാനങ്ങൾ മറികടന്ന് സൂര്യ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ടി-20 റാങ്കിംഗിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ താരമാണ് സൂര്യ. 732 ആണ് സൂര്യയുടെ റേറ്റിംഗ്. 12ആം സ്ഥാനത്തുള്ള ഇഷാൻ കിഷനാണ് പട്ടികയിൽ അടുത്ത സ്ഥാനത്തുള്ള ഇന്ത്യൻ ബാറ്റർ.

ഏകദിന റാങ്കിംഗിൽ ഇന്ത്യ പാകിസ്താനെ മറികടന്നിരുന്നു. പാകിസ്താനെ മറികടന്ന് ഇന്ത്യ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യക്ക് 108 റേറ്റിംഗും പാകിസ്താന് 106 റേറ്റിംഗുമാണ് ഉള്ളത്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 122 റേറ്റിംഗാണ് ഇംഗ്ലണ്ടിനുള്ളത്. 126 റേറ്റിംഗുള്ള ന്യൂസീലൻഡാണ് ഒന്നാം റാങ്കിൽ.

 

Top