‘പന്തെറിയാന്‍ ശരീരത്തേക്കാള്‍ കയ്യിനെയാണ് ബുംറ ഉപയോഗിക്കുന്നത്, പ്രശ്നമാണ്’ -കപില്‍

ന്തെറിയാന്‍ ശരീരത്തേക്കാള്‍ കയ്യിനെയാണ് ബുംറ കൂടുതല്‍ ഉപയോഗിക്കുന്നത്. അതൊരു പ്രശ്നമാണ്. ഭുവനേശ്വര്‍ കുമാറിനെ പോലുള്ള ബൗളര്‍മാര്‍ക്ക് കൂടുതല്‍ കാലം കളിക്കാന്‍ കഴിയും…’ വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ്. ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കപില്‍ ഈ കാര്യം പറഞ്ഞത്.

‘ബിഷന്‍ ബേദിയെ നോക്കൂ, അദ്ദേഹം ശരീരം കൂടി ഉപയോഗിച്ച് പന്തെറിയുന്നയാളാണ്. ഭൂരിഭാഗം സ്പിന്നര്‍മാരും കൂടുതലും കയ്യുപയോഗിച്ച് പന്തെറിയുന്നവരോ കൈക്കുഴ ഉപയോഗിച്ച് എറിയുന്നവരോ ആണ്. സാങ്കേതികമായി ബിഷന്‍ ബേദിയുടെ ആക്ഷന്‍ ഏറെ ഗുണകരമാണ്. ക്രിക്കറ്റിന്റെ അടിസ്ഥാന പാഠങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന മറ്റൊരാളാണ് ഗവാസ്‌കര്‍. 70 വയസുള്ള ഗവാസ്‌കറിന്റെ കയ്യില്‍ ഒരു ബാറ്റു കൊടുത്തുനോക്കൂ, ഇപ്പോഴും അദ്ദേഹം മനോഹരമായി കളിക്കും. സാങ്കേതികമായ അടിത്തറയാണ് അതിന്റെ കാരണം.

കയ്യും കണ്ണും തമ്മിലുള്ള ചേര്‍ച്ചകൊണ്ട് തകര്‍ത്തുകളിക്കുന്ന ബാറ്റ്സ്മാന്മാരുണ്ട്. അവരുടെ കളി കണ്ടിരിക്കാന്‍ രസമാണ്, സേവാഗിന്റേതുപോലെ അല്ലെങ്കില്‍ വിശ്വനാഥിനെ പോലെ. മറുവശത്ത് സച്ചിന്റെ കാര്യമെടുത്തു നോക്കൂ. വിരമിക്കുമ്പോഴും വീണ്ടും അഞ്ചുകൊല്ലമെങ്കിലും ക്രിക്കറ്റ് കളിക്കാന്‍ ശേഷിയുണ്ടായിരുന്നു അദ്ദേഹത്തിന്. ബാറ്റിംങ് ടെക്നിക്കുകളിലെ ശക്തമായ അടിത്തറയാണ് അതിന്റെ കാരണം’ കപില്‍ പറഞ്ഞു.

‘ബാറ്റിംങിലേക്കാള്‍ ബൗളിംങില്‍ ടെക്നിക് വളരെ പ്രധാനമാണ്. ബുംറയുടെ കാര്യം തന്നെയെടുക്കൂ, അദ്ദേഹത്തിന്റെ ആക്ഷന്‍ പരിക്ക് ക്ഷണിച്ചുവരുത്തുന്നതാണ്. പന്തെറിയാന്‍ ശരീരത്തേക്കാള്‍ കയ്യിനെയാണ് ബുംറ കൂടുതല്‍ ഉപയോഗിക്കുന്നത്. അതൊരു പ്രശ്നമാണ്. ഭുവനേശ്വര്‍ കുമാറിനെ പോലുള്ള ബൗളര്‍മാര്‍ക്ക് കൂടുതല്‍ കാലം കളിക്കാന്‍ കഴിയും. കാരണം അവരുടെ ആക്ഷന്‍ ശരീരവും കൂടി ഉപയോഗപ്പെടുത്തുന്നതാണ്’ കപില്‍ അല്‍പായുസിന്റെ കാരണം വിശദീകരിച്ചു.

Top