സഞ്ജനയ്‌ക്കൊപ്പം ചുവടുവച്ച് ബുമ്ര; വിഡിയോ വൈറൽ

പനജി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുടെയും ടെലിവിഷന്‍ താരം സഞ്ജനയുടെയും വിവാഹ വാര്‍ത്തയ്ക്കു പിന്നാലെ ഇരുവരുടെയും നൃത്ത വിഡിയോയും ചിത്രങ്ങളും ഏറ്റെടുത്തു സമൂഹമാധ്യങ്ങള്‍. ബുമ്ര പങ്കുവയ്ക്കുന്ന വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ക്കും നവദമ്പതികളുടെ ചിത്രങ്ങള്‍ക്കും നല്ല സ്വീകരണമാണു കിട്ടുന്നത്.

വിവാഹ സല്‍ക്കാരത്തിന്റെ ഭാഗമായി ഗോവയിലെ സംഗീത പരിപാടിയില്‍ സഞ്ജനയ്‌ക്കൊപ്പം ചുവടുവയ്ക്കുന്ന ബുമ്രയുടെ ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള വിഡിയോ ആണ് ഇപ്പോള്‍ തരംഗമാകുന്നത്. പിങ്ക് നിറമുള്ള ഉടുപ്പ് ധരിച്ച സഞ്ജനയ്‌ക്കൊപ്പം ബ്ലാക്ക് സ്യൂട്ടിലാണു ബുമ്ര വേദിയിലെത്തുന്നത്.

പ്രണയാര്‍ദ്ര സംഗീതത്തിനൊപ്പം പതിയെ ചുവടുകള്‍ വച്ച് പ്രിയതമയെ ചേര്‍ത്തുപിടിക്കുന്ന താരത്തെയാണു വിഡിയോയില്‍ കാണുന്നത്. ബുമ്രയുടെ വിവാഹത്തെ കുറിച്ചു നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും വിവാഹചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് ഏവരും വാര്‍ത്ത അറിഞ്ഞത്.

ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായാണു ഗോവയില്‍ വിവാഹം നടന്നത്. വധുവരന്മാര്‍ക്കു വിരാട് കോലി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സെലിബ്രിറ്റികളും ആരാധകരും ആശംസകള്‍ നേര്‍ന്നു. അവധിയെടുത്തു കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന ബുമ്ര, ഏപ്രില്‍ 9ന് തുടങ്ങുന്ന ഐപിഎല്ലിന്റെ 14-ാം എഡിഷനില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ജഴ്‌സി അണിയുമെന്നാണു റിപ്പോര്‍ട്ട്.

 

Top