ബുംറയുടെ സിക്‌സര്‍ ആഘോഷമാക്കി കൊഹ്ലി; വീഡിയോ വൈറല്‍

ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ 4 വിക്കറ്റിനാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത് 358/9 എന്ന സ്‌കോര്‍ ഉയര്‍ത്തിയാണ് ഇന്ത്യ മടങ്ങിയത്.

കളിക്കിടെ ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഒരു പിടി നല്ല നിമിഷങ്ങളും സമ്മാനിച്ചാണ് ടീം കളം വിട്ടത്. ധവാനും, രോഹിത് ശര്‍മ്മയും ഫോമിലേക്ക് മടങ്ങിയെത്തിയതിനൊപ്പം ആരാധകരെ ഏറ്റവുമധികം ആവേശത്തിലാഴ്ത്തിയത് ഇന്ത്യന്‍ താരം ജസ്പ്രിത് ബുംറ നേടിയ തകര്‍പ്പന്‍ സിക്‌സറാണ്.

അവസാന ഓവറിലെ അഞ്ചാം പന്തില്‍ യുസ്വേന്ദ്ര ചഹല്‍ പുറത്തായപ്പോളായിരുന്നു പതിനൊന്നാമനായി ജസ്പ്രിത് ബുംറ ബാറ്റ് ചെയ്യാനെത്തിയത്. തകര്‍പ്പന്‍ ഫോമില്‍ പന്തെറിയുന്ന പാറ്റ് കമ്മിന്‍സിനെതിരെ ബുംറ ബാറ്റ് ചെയ്യുമ്പോള്‍ ആരും തന്നെ ഒരു ബൗണ്ടറി പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ നേരിട്ട ഏക പന്ത് നന്നായി കണക്ട് ചെയ്ത ബുംറയുടെ ഷോട്ട് ലോംഗ് സിക്‌സറായി മാറി.

ഇന്ത്യന്‍ ഡ്രെസ്സിംഗ് റൂമിനോ, കളികാണാന്‍ ഗ്യാലറിയിലുണ്ടായിരുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കോ തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ നായകന്‍ കൊഹ്ലിയാകട്ടെ ബുംറയുടെ സിക്‌സറില്‍ ആവേശം കൊണ്ട് ഡ്രെസ്സിംഗ് റൂമില്‍ തുള്ളിച്ചാടി. ബുംറയുടെ സിക്‌സറില്‍ ഇന്ത്യന്‍ താരങ്ങള്‍ ആവേശം കൊള്ളുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Top