ബുമ്ര- സഞ്ജന വിവാഹം ഇന്നെന്ന് റിപ്പോര്‍ട്ട്

പനജി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും ക്രിക്കറ്റ് ഷോകളിലെ അവതാരകയെന്ന നിലയില്‍ ശ്രദ്ധേയയായ മോഡല്‍ സഞ്ജന ഗണേശും തമ്മിലുള്ള വിവാഹം തിങ്കളാഴ്ച ഗോവയില്‍ വച്ചു നടക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ 20 പേര്‍ മാത്രം പങ്കെടുക്കുന്ന, ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടത്തുന്നതെന്നാണ് വിവരം.

വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകള്‍ ഞായറാഴ്ച ഗോവയില്‍ പൂര്‍ത്തിയായതായാണ് വിവരം. തിങ്കളാഴ്ച നടക്കുന്ന വിവാഹച്ചടങ്ങില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ഉള്‍പ്പെടെ വിലക്കുന്നുണ്ടെന്നും അറിയിപ്പുണ്ട്. ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗമായ ബുമ്ര ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളില്‍ നിന്ന് പിന്‍മാറിയതോടെയാണ് വിവാഹ വാര്‍ത്ത സജീവമായത്.

ഇതിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്നു കൂടി ബുമ്ര അവധിയെടുത്തതോടെ വിവാഹ വാര്‍ത്ത കൂടുതല്‍ വ്യാപകമായി. മലയാളി നടിയായ അനുപമ പരമേശ്വരനാണ് ബുമ്രയുടെ ഭാവി വധുവെന്ന് വരെ റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെയാണ് സഞ്ജന ഗണേശന്റെ രംഗപ്രവേശം.

ടെലിവിഷന്‍ പ്രേക്ഷകരായ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സുപരിചിതയാണ് സഞ്ജന. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ക്കും മുന്‍പും ശേഷവുമുള്ള ഷോകളുടെ അവതാരകയായി സഞ്ജന സജീവമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎലില്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും ഇത്തരം ഷോകളുടെ അവതാരകയായിട്ടുണ്ട്.

 

Top