ഇന്നലെ കരച്ചില്‍, ഇന്നത്തെ ഹീറോ; ഓസ്‌ട്രേലിയന്‍ ടീമിനെ ആനയിച്ച് കുഞ്ഞ് ക്വാഡന്‍

ക്വീന്‍സ്ലാന്റ്: പൊക്കക്കുറവിന്റെ പേരില്‍ കൂട്ടുകാരുടെ ബോഡി ഷെയിമിംഗിനിരയായ ഒമ്പതുകാരന്‍ ഇന്നലെ ലോകത്തിന്റെ നൊമ്പരമായിരുന്നു. എന്നാല്‍ ഒന്ന് നേരം ഇരിട്ടി വെളുക്കുമ്പോഴേക്കും ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് കുഞ്ഞ് ക്വാഡന്‍. ഓസ്‌ട്രേലിയന്‍ നാഷണല്‍ റഗ്ബി ലീഗിന്റെ ഇന്‍ഡിജെനസ് ഓള്‍-സ്റ്റാര്‍സ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചാണ് ക്വാഡന്‍ സ്റ്റാറായത്.

ക്വീന്‍സ്ലാന്റിലെ ഗോള്‍ഡ് കോസില്‍ നടക്കുന്ന മത്സരത്തിലേക്ക് ടീമിനെ ഫീല്‍ഡിലേക്ക് നയിക്കാനും അവര്‍ ക്വാഡനെ ഇന്നലെയാണ് ക്ഷണിച്ചത്. അവിടെയെത്തി താരങ്ങള്‍ക്കൊപ്പം കുഞ്ഞുതാരവും ഗ്രൗണ്ടിലിറങ്ങി. ഇരു ടീം അംഗങ്ങള്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും കൈ കൊടുക്കുകയും ചെയ്തു. അങ്ങനെ അവിസ്മരണീയമായ ദിവസമാണ് ക്വാഡന് സമ്മാനമായി ലഭിച്ചത്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ യറാക്ക ബൈലസ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. ഇവരുടെ മകന്‍ ഒമ്പതു വയസുള്ള ക്വാഡനാണ് പൊക്കക്കുറവിന്റെ പേരില്‍ സഹപാഠികള്‍ കളിയാക്കുന്നത് സഹിക്കാന്‍ കഴിയാതെ നെഞ്ചു തകര്‍ന്ന് കരഞ്ഞത്.

കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നു തരുമോയെന്നുമൊക്കെ ചോദിച്ചാണ് ക്വാഡന്‍ കരയുന്നത്. കളിയാക്കലിന്റെ പ്രത്യാഘാതമാണിത്! മറ്റെന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല- എന്നു കുറിച്ചു കൊണ്ടാണ് മകന്‍ കരയുന്ന വീഡിയോ യറാക്ക പങ്കുവെച്ചിരിക്കുന്നത്. ‘ എനിക്കൊരു കയര്‍ തരൂ. ഞാന്‍ ആത്മഹത്യ ചെയ്യാം. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണം-എന്നൊക്കെയാണ് ക്വാഡന്‍ പറയുന്നത്.

വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ക്വാഡന് പിന്തുണയുമായെത്തിയത്. യുഎസ് ഹാസ്യനടന്‍ ബ്രാഡ് വില്യംസിന്റെ ‘ഗോ-ഫണ്ട് മി’ എന്ന ക്രൗഡ് ഫണ്ടിങ് പേജ് ഇത് വരെ 436,638 ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. സിനിമാ താരം ഗിന്നസ് പക്രു ക്വാഡന് പിന്തുണ നല്‍കി ഫേസ്ബുക്കില്‍ എഴുതിയിരുന്നു. തിരക്കഥകൃത്ത് ബിബിന്‍ ജോര്‍ജും ക്വാഡിന് പിന്തുണയുമായി എത്തിയിരുന്നു.

Top