ബുള്ളറ്റിന്റെ പുതിയ പതിപ്പായ ക്ലാസിക് 350 എസ് അവതരിപ്പിച്ചു

ബുള്ളറ്റിന്റെ ഏറ്റവും പുതിയ പതിപ്പായ ക്ലാസിക് 350 എസ് അവതരിപ്പിച്ചു. ഉല്‍പ്പാദന ചെലവ് കുറച്ച് വില നിയന്ത്രിക്കാനായി ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ എസ് എന്നിവയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ക്ലാസിക് 350 മോഡലിലേക്കും വ്യാപിപ്പിച്ചു കൊണ്ടാണ് ക്ലാസിക് 350 എസ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബൈക്കിന്റെ പേരിലുള്ള ‘എസ്’ സിംഗിള്‍ ചാനല്‍ എ ബി എസിന്റെ സൂചനയാണെന്നു വേണം കരുതാന്‍. ‘ക്ലാസിക് 350’ ഇരട്ട ചാനല്‍ എ ബി എസോടെയാണു വില്‍പ്പനയ്ക്കുള്ളത്.

ക്രോമിയത്തിന്റെ ഉപയോഗം നിയന്ത്രിച്ച് പകരം ബൈക്ക് കറുപ്പ് നിറത്തിലാക്കുന്നതടക്കമുള്ള ചെലവു ചുരുക്കല്‍ തന്ത്രങ്ങളായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ എസ് എന്നിവയില്‍ പരീക്ഷിച്ചത്. ഇത്തരം വിട്ടുവീഴ്ചകളിലൂടെ ക്ലാസിക് 350 എസിന്റെ ചെന്നൈയിലെ ഷോറൂം വില 1.45 ലക്ഷം രൂപയാക്കി കുറയ്ക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിനു സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ക്ലാസിക് 350 ബൈക്കിന്റെ വിലയായ 1.54 ലക്ഷം രൂപയെ അപേക്ഷിച്ച് 9,000 രൂപ കുറവാണിത്.

രണ്ടു നിറങ്ങളിലാണു ‘ക്ലാസിക് 350 എസ്’ വില്‍പ്പനയ്ക്കുള്ളത്: പ്യുവര്‍ ബ്ലാക്കും മെര്‍ക്കുറി സില്‍വറും. വീലുകളും എന്‍ജിന്‍ ലോക്കുമൊക്കെ ക്രോമിയത്തിനു പകരം കറുപ്പ് നിറത്തിലാക്കിയതാണു ബൈക്കിലെ പ്രധാന മാറ്റം. ഇതോടൊപ്പം ഇന്ധന ടാങ്കിലെ ലോഗോ ലളിതവല്‍ക്കരിച്ചിട്ടുമുണ്ട്. കാഴ്ചയിലെ വ്യത്യാസങ്ങള്‍ക്കപ്പുറം സാങ്കേതികവിഭാഗത്തില്‍ കാര്യമായ മാറ്റമില്ലാതെയാണു ക്ലാസിക് 350 എസ് എത്തുന്നത്. ബൈക്കിനു കരുത്തേകുക 346 സി സി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ്; 19.8 ബി എച്ച് പി കരുത്തും 28 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

ആദ്യ ഘട്ടത്തില്‍ തമിഴ്‌നാട്ടിലും കേരളത്തിലും മാത്രമാവും ക്ലാസിക് 350 എസ് വില്‍പ്പനയ്‌ക്കെത്തുക എന്നാണ് സൂചന. പുതിയ പതിപ്പ് രാജ്യവ്യാപകമായി വില്‍പ്പനയ്‌ക്കെത്തുകയെന്നതു സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

Top