ബുൾഡോസർ; മുന്നറിയിപ്പുമായി യുപിയിൽ യോഗി

ലക്നൗ: യുപിയില്‍ വെള്ളിയാഴ്ചയുണ്ടായ അക്രമങ്ങളുടെ പശ്‍ചാത്തലത്തിൽ പൊലീസ് 24 മണിക്കൂറും ജാഗ്രത പാലിക്കണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ശക്തമായ മുന്നറിയിപ്പു നൽകി ഉത്തര്‍പ്രദേശ് സർക്കാർ. യുപിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 255 പേരെയാണ് ആകെ അറസ്റ്റു ചെയ്തത്. കലാപകാരികളെ ബുൾഡോസറുകൾ ഉപയോഗിച്ചു നേരിടുമെന്ന് യോഗി ആദിത്യനാഥ് തന്നെ മുന്നറിയിപ്പു നൽകി. സഹാറൻപുരിൽ 2 പ്രതികളുടെ വീടുകൾ അധികൃതർ ഇടിച്ചുനിരത്തി.

സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച യോഗിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വെള്ളിയാഴ്ച പ്രാർഥനയ്ക്കു പിന്നാലെ യുപിയിലെ പ്രയാഗ് രാജ്, സഹരൻപുർ, മൊറാദാബാദ്, ഹത്രസ്, ഫിറോസാബാദ്, അംബേദ്കർ നഗർ തുടങ്ങിയ ജില്ലകളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ മാസം 3 ന് കാൻപുരിൽ നടന്ന അക്രമസംഭവങ്ങളിൽ മുഖ്യ പ്രതിയായ വ്യക്തിയുടെ ബന്ധുവിന്റെ ബഹുനില കെട്ടിടങ്ങളും ഇടിച്ചുനിരത്തി. എല്ലാ വെള്ളിയാഴ്ചയ്ക്കും ശേഷം ഒരു ശനിയുണ്ടെന്ന് കെട്ടിടം തകര്‍ക്കുന്ന ബുൾ‍ഡോസറിന്റെ ചിത്രത്തോടൊപ്പം യുപി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ ട്വിറ്ററിൽ കുറിച്ചു.

Top