ബുലന്ദ്ശഹര്‍ കൊലപാതകം; റെയ്ഡില്‍ പൊലീസ് വ്യാജ തെളിവുണ്ടാക്കിയെന്ന് പ്രതിയുടെ കുടുംബാംഗങ്ങള്‍

ബുലന്ദ്ശഹര്‍: ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട അക്രമണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുന്ന സംഘത്തിനെതിരെ ആരോപണവുമായി മുഖ്യപ്രതിയുടെ ഭാര്യ രംഗത്ത്. തങ്ങളുടെ വീട്ടില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ ഫോണ്‍ കൊണ്ടുവയ്ക്കുകയും പിന്നീട് മറ്റ് ഫോണുകളുടെ കൂട്ടത്തില്‍ ഇതിനെയും തൊണ്ടിയാക്കി എടുത്തുകൊണ്ടുപോവുകയുമായിരുന്നെന്നാണ് പ്രതിയായ പ്രശാന്ത് നാഥിന്റെ ഭാര്യ ആരോപിക്കുന്നത്.

അതേസമയം സുബോധ് സിങ്ങിന്റെ കൊലപാതകം നടക്കുന്ന സമയത്ത് പ്രശാന്ത് നാഥ് സംഭവ സ്ഥലത്തുണ്ടായിരുന്നു എന്നും കൊലപാതകത്തിന് ശേഷം മൊബൈല്‍ ഫോണുമായി കടന്നുകളയുകയുമായിരുന്നു എന്നുമാണ് അന്വേഷണ സംഘം വാദിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ ആറു മൊബൈല്‍ ഫോണുകളാണ് പ്രശാന്തിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്ത്. ഇതിലൊന്ന് കൊല്ലപ്പെട്ട സുബോധിന്റേതാണെന്നും ഇത് നിര്‍ണായക തെളിവാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

സെര്‍ച്ച് വാറന്റുമായി എത്തിയ പൊലീസ് സംഘം പ്രശാന്തിന്റെ മുറി ഏതെന്ന് തിരക്കിയെന്നും മുറിക്കുള്ളില്‍ കയറി ഒരു മൊബൈല്‍ ഫോണ്‍ വച്ചിരുന്നുവെന്നും പ്രശാന്തിന്റെ ഭാര്യ പറയുന്നു. ആ ഫോണ്‍ തങ്ങളുടേതല്ലെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ മിണ്ടാതിരിക്കാന്‍ പൊലീസ് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പ്രശാന്തിന്റെ ഭാര്യ പറയുന്നു.

Top