ബുലന്ദ്ശഹര്‍ കൊലപാതകം; ജീത്തു ഫൗജിയെ സൈന്യം പൊലീസിന് കൈമാറി

ലഖ്‌നോ (യു.പി): ബുലന്ദ്ശഹര്‍ കൊലപാതക കേസില്‍ സൈനികന്‍ ജീത്തു ഫൗജിയെ സൈന്യം യു.പി പൊലീസിന് കൈമാറി. ബുലന്ദ്ശഹറില്‍ ഗോവധത്തിന്റെ പേരില്‍ ഉണ്ടായ കലാപത്തിനിടെ സബ് ഇന്‍സ്‌പെക്ടറെ വെടിവച്ചത് സൈനികനാണെന്ന സംശയത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന ശേഷം കശ്മീരിലേക്ക് രക്ഷപ്പെട്ട ജീത്തു ഫൗസിയെ സൈനിക യൂണിറ്റാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 12.50 നാണ് ഇയാളെ യു.പി പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് കൈമാറിയത്.

ഇന്‍സ്‌പെക്ടറെ വെടിവെച്ചത് ഇയാള്‍ തന്നെയാണോ എന്ന് ഇതുവരെ തീര്‍ച്ചപ്പെടുത്തിയിട്ടില്ല. കലാപം നടക്കുമ്പോള്‍ ആ പ്രദേശത്ത് സൈനികന്‍ ഉണ്ടായിരുന്നതായി അയാള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഗ്രാമവാസികള്‍ക്കൊപ്പം കലാപപ്രദേശത്ത് വന്നതായി ജീത്തു പറഞ്ഞു. താന്‍ പോലീസിന് നേരെ കല്ലെറിഞ്ഞുവെന്ന ആരോപണം തെറ്റാണ്. ഇന്‍സ്‌പെക്ടറെയോ കലാപത്തില്‍ മരിച്ച 20കാരന്‍ സുമിത്തിനേയോ വെടിവെച്ചിട്ടില്ലെന്നും സൈനികന്‍ പറയുന്നു.

ഡിസംബര്‍ നാലിന് സിയാന പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ 11 പ്രതികളില്‍ ഒരാളാണ് ജതേന്ദ്ര മാലിക് എന്ന ജീത്തു ഫൗജി. വെള്ളിയാഴ്ച രാത്രി സോപൂറിലെ സൈനിക യൂണിറ്റില്‍ എത്തിയപ്പോള്‍ തന്നെ ഇയാളെ പിടികൂടിയിരുന്നു. സൈന്യത്തിന്റെ നോര്‍ത്ത് കമാര്‍ഡര്‍ നേരിട്ടെത്തിയാണ് പ്രതിയെ പിടികൂടിയത്. പൊലീസുമായി പൂര്‍ണമായി സഹകരിക്കുമെന്ന് സൈന്യം അറിയിച്ചു.

Top