ബുലങ്ഷഹര്‍ കലാപം: പോ​​​ലീ​​​സ് ഇ​​​ന്‍​​​സ്പെ​​​ക്ട​​​റുടെ കൊലപാതകത്തില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

ബുലന്ദ്ഷഹര്‍ : ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് പൊലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് അഞ്ച് പേരെ കൂടി ഉത്തര്‍പ്രദേശ് പോലീസ് പിടികൂടിയത്.

നിതിന്‍, റോഹിത്ത്, ചന്ദ്ര, ജിതേന്ദ്ര, സോനു എന്നിവരെയാണ് വെള്ളിയാഴ്ച പിടികൂടിയത്. വീഡിയോ ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്.

അതേസമയം പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാറിനെ വെടിവച്ചു കൊന്നത് സൈനികനാണെന്നാണ് പോലീസ് സംശയിക്കുന്നത്. ശ്രീനഗറില്‍ സേവനം അനുഷ്ഠിക്കുന്ന കരസേന ജവാന്‍ ജീതു ഫോജിയാണ് വെടിവച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ ഗോസംരക്ഷകര്‍ അടിച്ചു കൊന്ന അഖ്‌ലാഖിന്റെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് സുബോധ് കുമാര്‍. ഇദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കാനുള്ള കാരണവും ഇതാണ്.

സംഘര്‍ഷത്തിന്റെ മറവില്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ട്.കല്ലേറില്‍ പരിക്കേറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോകുകയായിരുന്ന സുബോധ് കുമാറിന്റെ വാഹനത്തെ പിന്തുടര്‍ന്നാണ് ഇദ്ദേഹത്തെ വെടിവച്ച് വീഴ്ത്തിയത്. വെടിയുണ്ട തലച്ചോറില്‍ തറച്ച അവസ്ഥയിലായിരുന്നു കാണപ്പെട്ടത്.

സുബോധ് കുമാര്‍ സിംഗിന്റെ കണ്ണിനേറ്റ വെടിയുണ്ട തലച്ചോറില്‍ മാരകമായ മുറിവേല്‍പ്പിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

Top