ബിയാഞ്ചിയുടെ മാതൃകയില്‍ 18 മാസംകൊണ്ട് സ്വന്തമായി സൈക്കിള്‍ നിര്‍മ്മിച്ചു; വില ഒന്നരലക്ഷം രൂപ

വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ സാധനങ്ങള്‍ എത്തിച്ച് 18 മാസംകൊണ്ട് എം.പി.ഷബീബ് സ്വന്തമായി ഒരു സൈക്കിളുണ്ടാക്കി. ബിയാഞ്ചിയുടെ 1980-ലെ മാതൃകയിലാണ് സൈക്കിള്‍ നിര്‍മിച്ചത്. ഇറ്റലി, ജപ്പാന്‍, ചൈന, റഷ്യ, ചെക് റിപ്പബ്ലിക്, യു.കെ. എന്നിവിടങ്ങളില്‍നിന്നാണ് സൈക്കിളിന്റെ ഭാഗങ്ങള്‍ എത്തിച്ചത്. സൈക്കിളിന്റെ 50 ശതമാനം ഭാഗങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തു. ബാക്കിയുള്ളവ നാട്ടില്‍ നിര്‍മിച്ചു.

ഒന്നരലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഈ സൈക്കിളില്‍ വിദേശയാത്ര നടത്തണമെന്നാണ് ഷബീബിന്റെ ആഗ്രഹം. ബിയാഞ്ചിയുടെ 1980-ലെ സൈക്കിള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അപൂര്‍വമാണ്. ദൂരയാത്ര നടത്താന്‍ കഴിയുന്നതരത്തിലുള്ളതാണ് ഷബീബ് തയ്യാറാക്കിയ സൈക്കിള്‍. ബിരുദധാരിയായ 23-കാരനായ ഷബീബ് ചാലോട് മട്ടന്നൂര്‍ ഖദീജ മന്‍സില്‍ കെ. അഷറഫിന്റെയും എം.പി. ഖദീജയുടെയും മകനാണ്.

സൈക്കിള്‍ ലോഞ്ചിങ്ങിന്റെ ഭാഗമായി തലശ്ശേരി സൈക്ലിങ് ക്ലബിന്റെ നേതൃത്വത്തില്‍ തലശ്ശേരിയില്‍നിന്ന് കണ്ണൂരിലേക്ക് സൈക്കിള്‍യാത്ര നടത്തി. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി സൈക്കിളിന്റെ ആവശ്യകതയും പ്രത്യേക സഞ്ചാരപാതയെക്കുറിച്ചുള്ള ബോധവത്കരണവുമാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്.

Top