എറണാകുളത്ത് നിര്‍മ്മാണത്തിലിരിക്കുന്ന നാലു നില കെട്ടിടം തകര്‍ന്നു വീണു; ആളപായമില്ല

building

കൊച്ചി: എറണാകുളത്ത് നിര്‍മ്മാണത്തിലിരിക്കുന്ന നാലു നില കെട്ടിടം തകര്‍ന്നു വീണു. രാത്രി പത്തോടെ കലൂര്‍ മെട്രോ സ്റ്റേഷനു സമീപം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ ആളപായമില്ല. എന്നാല്‍, സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.

പൈലിങ് നടക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടത്തിന് സമീപത്ത് കൂടി പോകുന്ന പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നു വെള്ളം ശക്തമായി ഒഴുകിയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സംഭവസ്ഥലത്ത് മണ്ണിടിച്ചല്‍ തുടരുന്നതായി റിപ്പോര്‍ട്ട്. മണ്ണിടിച്ചല്‍ റോഡിലേക്കെത്തിയതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചിട്ടുണ്ട്.

എംഎല്‍എ ഹൈബി ഈഡനും,ജില്ലാ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തിന് തൊട്ടടുത്തു കൂടിയാണ് കൊച്ചി മെട്രോ കടന്നു പോകുന്നത്. കലൂരിനും ലിസി ആശുപത്രി സ്റ്റേഷനും ഇടയിലുള്ള ട്രാക്കിനു സമീപമാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. മെട്രോയുടെ ഉദ്യോഗസ്ഥരെത്തി ട്രാക്കുകള്‍ പരിശോധിച്ചു. രണ്ടു തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും, മെട്രോയുടെ തൂണുകള്‍ കടന്നു പോകുന്ന ഭാഗത്ത് റോഡിനോടു ചേര്‍ന്നു ഗര്‍ത്തം രൂപപ്പെട്ടതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അപകടത്തെ തുടര്‍ന്ന് വെള്ളിയാഴ്ചത്തെ മെട്രോ സര്‍വീസ് വെട്ടിച്ചുരുക്കിയിട്ടുണ്ട്. മെട്രോ സര്‍വീസുകള്‍ വെള്ളിയാഴ്ച ആലുവ മുതല്‍ പാലാരിവട്ടംവരെ മാത്രമെ ഉണ്ടാകൂ. വിദഗ്ധ സംഘം വെള്ളിയാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമെ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.

സമീപത്തെ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു.അതേസമയം മഴവന്നാല്‍ സമീപത്തെ കെട്ടിടങ്ങളും തകര്‍ന്ന് വീഴാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ജനങ്ങളും ജില്ലാ ഭരണകൂടവും ആശങ്കയിലാണ്.

Top