നഞ്ചിയമ്മയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങാം; പുതിയ വീടായി

പാലക്കാട്; ദേശിയ അവാർഡ് ജേതാവ് നഞ്ചിയമ്മയുടെ വീട് എന്നുള്ള സ്വപ്നം പൂവണിഞ്ഞു. അട്ടപ്പാടിയിലെ നക്കുപതി ഊരിൽ പണിത തന്റെ പുതിയ വീട്ടിൽ കഴിഞ്ഞ ദിവസം നഞ്ചിയമ്മ താമസമാരംഭിച്ചു. ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് സ്വപ്ന ഭവനം പണിത് നൽകിയത്.

ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു നഞ്ചിയമ്മയുടെ താമസം. തനിക്ക് ലഭിച്ച അവാർഡുകൾ സൂക്ഷിക്കാൻ പോലും വീട്ടിൽ ഇടമില്ലെന്ന് നഞ്ചിയമ്മ പലപ്പോഴും സങ്കടം പറഞ്ഞിരുന്നു. അവാർഡുകൾ വയ്ക്കാൻ സ്ഥലമില്ലാതെ കൂട്ടിയിടേണ്ട അവസ്ഥയായിരുന്നു. നഞ്ചിയമ്മയുടെ ദുരവസ്ഥ മനസിലാക്കിയ ഫിലോകാലിയ എന്ന ഫൗണ്ടേഷൻ വീട് പണിതു നൽകാൻ തയ്യാറാവുകയായിരുന്നു. മൂന്ന് മാസം മുൻപ് വീടിന്റെ തറക്കല്ലിട്ടു പണി അതിവേഗം പൂർത്തിയാക്കി. പഴയ വീടിൻറെ തൊട്ടടുത്ത് തന്നെയാണ് വീട് പണിതിരിക്കുന്നത്. ഇനി ദേശീയ അവാർഡ് ഉൾപ്പെടെ വിലപ്പിടിപ്പുള്ളതൊക്കെ ഇവിടെ സുരക്ഷിതമായി സൂക്ഷിക്കാം.

സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും സിനിമയിലൂടെയാണ് നഞ്ചിയമ്മ സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ ​ഗാനങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടിയതോടെയാണ് നഞ്ചിയമ്മയുടെ തലവര മാറിയത്. കലകാത്ത എന്ന ​ഗാനത്തിനാണ് മികച്ച ​ഗായികയ്ക്കുള്ള ദേശിയ പുരസ്കാരം നേടിയത്. നിരവധി സിനിമകളാണ് നഞ്ചിയമ്മയുടേതായി പുറത്തുവരാനുള്ളത്.

Top