bugdget-agriculture

തിരുവനന്തപുരം: കാര്‍ഷികമേഖലയുടെ വിഹിതം കൂട്ടി സംസ്ഥാന ബജറ്റ്. 403 കോടി രൂപയില്‍ നിന്നും 600 കോടി രൂപയായാണ് ബജറ്റ് വിഹിതം ഉയര്‍ത്തിയത്. പുതുക്കിയ കണക്കിന്റെ ഇരട്ടിയാണ് വകയിരുത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ ഉല്‍പ്പാദനമേഖലാ വിഹിതം പുനസ്ഥാപിച്ചു.

പച്ചക്കറി സ്വയം പര്യാപ്തതയ്ക്ക് വേണ്ടിയുള്ള ജനകീയകാമ്പയിന്‍ ആരംഭിക്കും. പച്ചക്കറി മേഖലയുടെ അടങ്കല്‍ തദ്ദേശഭരണ വിഹിതമടക്കം 225 കോടി രൂപ വകയിരുത്തി. നാളികേര സംഭരണത്തിനുള്ള അടങ്കല്‍ 100 കോടി രൂപയായി ഉയര്‍ത്തി. വയല്‍ ഉടമസ്ഥര്‍ സ്വയം കൃഷി ചെയ്യുന്നതിന് ഏതെങ്കിലും കാരണവശാല്‍ കഴിയുന്നില്ലെങ്കില്‍ ആ ഭൂമി തദ്ദേശഭരണസ്ഥാപനങ്ങള്‍ രൂപം നല്‍കുന്ന സംഘകൃഷിക്കാര്‍ക്ക് നല്‍കണമെന്നും ബജറ്റ് നിര്‍ദ്ദേശിക്കുന്നു.

നെല്‍വയല്‍ നികത്തുന്നതിന് 2014 – 15 ലെ ബജറ്റില്‍ ഫിനാന്‍സ് ബില്ലിന്റെ ഭാഗമായി കൊണ്ടുവന്ന വ്യവസ്ഥകള്‍ റദ്ദാക്കും. ഒരു വര്‍ഷംകൊണ്ട് നെല്‍വയല്‍, തണ്ണീര്‍ത്തട ഡേറ്റാബാങ്ക് ഉണ്ടാക്കും. നെല്ല് സംഭരണത്തിനായി 385 കോടി രൂപ വകയിരുത്തി. സംഭരണവില ഒരാഴ്ചയ്ക്കകം നല്‍കും.

പാലക്കാട്, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നെല്ലിനെ അടിസ്ഥാനമാക്കിയുള്ള അഗ്രോപാര്‍ക്കുകള്‍ സ്ഥാപിക്കും. റബര്‍ വിലസ്ഥിരതാ ഫണ്ടിന് 500 കോടി രൂപ വകയിരുത്തി.ചെറുകിട ഇടത്തരം അഗ്രോപാര്‍ക്കുകളുടെ ശൃംഖല നിര്‍മ്മിക്കും.

തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ നാളികേര അഗ്രോപാര്‍ക്കുകള്‍ സ്ഥാപിക്കും. തൃശ്ശൂരില്‍ വാഴപ്പഴവും തേനും ആസ്പദമാക്കിയ അഗ്രോപാര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ സ്‌പൈസസ് പാര്‍ക്കുകളും സ്ഥാപിക്കും.

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായ പാര്‍ക്കുകള്‍. തൃശ്ശൂര്‍ ജില്ലയിലെ മാള കേന്ദ്രീകരിച്ച് ചക്കയ്ക്കു വേണ്ടിയുള്ള അഗ്രോപാര്‍ക്കും ഇടുക്കി കാന്തല്ലൂരില്‍ പച്ചക്കറി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ അഗ്രോപാര്‍ക്കും സ്ഥാപിക്കും.

Top