പുതിയ സൂപ്പര്‍ ഹൈപ്പര്‍ കാറുമായി ബുഗാട്ടി; വില 65 കോടി

ലാ വച്യൂര്‍ നോയ്ക്കു ശേഷം ചെന്റോഡിയേചി എന്ന പേരില്‍ സൂപ്പര്‍ ഹൈപ്പര്‍ കാര്‍ പ്രദര്‍ശിപ്പിച്ച് ബുഗാട്ടി. ലോകത്തിലെ ഏറ്റവും വിലയുള്ള കാറായിരുന്നു ലാ വച്യൂര്‍ നോ. വാഹനപ്രേമികളുടെ മനംകവര്‍ന്ന ഈ വാഹനത്തിന്റെ വില 130 കോടിയായിരുന്നു. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചെന്റോഡിയേചിയ്ക്ക് 65 കോടിയോളം വിലവരുമെന്നാണ് സൂചന.

ആകെ പത്ത് കാറുകള്‍ മാത്രമാണ് ബുഗാട്ടി നിര്‍മ്മിച്ചിരിക്കുന്നത്. പുറത്തിറക്കുന്നതിന് മുന്‍പ് തന്നെ ഈ കാറുകളെല്ലാം വിറ്റുപോയെന്നാണ് ബുഗാട്ടി പറയുന്നത്. ഷിറോണിനെ അടിസ്ഥാനപ്പെടുത്തി ചെന്റോഡിയേചി എന്ന പേരില്‍ പുറത്തിറങ്ങുന്ന വാഹനം വിലയില്‍ മാത്രമല്ല കരുത്തിലും ആരേയും തോല്‍പ്പിക്കും. 1,600 എച്ച്.പിയാണ് ഈ സൂപ്പര്‍ ഹൈപ്പര്‍ കാറിന്റെ കരുത്ത്.

ബുഗാട്ടിയുടെ ഏക്കാലത്തേയും പ്രശസ്ത കാറായ ഇ.ബി 110 ന്റെ സ്മരണാര്‍ത്ഥമാണ് ചെന്റോഡിയേച്ചിയെ പുറത്തിറക്കിയിരിക്കുന്നത്. 1991ല്‍ പുറത്തിങ്ങിയ ഇ.ബി 110 ന്റെ നിരവധി ഘടകങ്ങള്‍ പുതിയ സൂപ്പര്‍കാറില്‍ ഉപയോഗിച്ചിട്ടുണ്ട്. ബുഗാട്ടി സ്ഥാപകനായ എറ്റോര്‍ ബുഗാട്ടിയുടെ നൂറ്റിപ്പത്താം പിറന്നാളിനാണ് വാഹനം പുറത്തിറക്കിയത്. ഇ.ബി 110 എന്ന പേരു തന്നെ എറ്റോര്‍ ബുഗാട്ടി 110 ന്റെ ചുരുക്കിയെഴുത്താണ്. ബുഗാട്ടി കമ്പനിയുടെ നീണ്ട ചരിത്രത്തിന്റെ സ്മരണയുണര്‍ത്തുകയാണ് ഇ.ബി 110 എന്ന പുതിയ കാറിലൂടെ എന്നാണ് ബുഗാട്ടി പറയുന്നത്.

ഷിറോണിന്റെ പ്ലാറ്റ്‌ഫോമിലാണ് ചിന്റോഡിയേച്ചിയുടെ നിര്‍മാണം. ഷിറോണിലെ 8.0 ലിറ്റര്‍ 4 ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും കരുത്ത് 1,500 ബി.എച്ച്.പിയില്‍ നിന്ന് 1,600 ബി.എച്ച്.പിയാക്കി മാറ്റി. ടോര്‍ക്ക് 1,600 എന്‍.എം. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ചെന്റോഡിയേച്ചിക് വെറും 2.4 സെക്കന്‍ഡ് മാത്രം മതി. കൂടാതെ പൂജ്യത്തില്‍ നിന്ന് 200 കിലോമീറ്ററിലെത്താന്‍ 6.1 സെക്കന്‍ഡും 300 കിലോമീറ്റര്‍ വേഗം ആര്‍ജിക്കാന്‍ 13.1 സെക്കന്‍ഡും മാത്രം മതി.

Top