ബഫർ സോൺ; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോ​ഗം ഇന്ന്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോ​ഗം ഇന്ന്. ആശങ്കകൾ പരിഹരിക്കാനുള്ള തുടർ നടപടികൾ സംബന്ധിച്ച് ഇന്ന് രണ്ട് നിർണായക യോ​ഗങ്ങളാണ് നടക്കുക. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം, സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ട് നൽകാൻ അനുവാദവും തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാനായി സത്യവാങ്മൂലം നൽകാനാണ് നീക്കം. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ പരാതി നൽകാനുള്ള സമയ പരിധി നീട്ടാനാണ് ധരണ.

റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. ഉന്നതതല യോഗത്തിൽ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

അതിനിടെ ബഫർ സോൺ വിഷയത്തിൽ തിരുവനന്തപുരത്തെ മലയോര മേഖലകളും പ്രതിഷേധത്തിലേക്ക് കടന്നു. ഇന്ന് അമ്പൂരിയിൽ പ്രതിഷേധം സംഗമം സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം. ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നും ഉപഗ്രഹ സർവേ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കരുതൽ മേഖല വനാതിർത്തിയിൽ തന്നെ നിലനിർത്തണമെന്നാണ് ആവശ്യം.

ബഫർ സോൺ വിഷയത്തിൽ കോൺഗ്രസിൻറെ സമരത്തിനും ഇന്ന് തുടക്കമാകും. കോഴിക്കോട് കൂരാച്ചുണ്ടിൽ വൈകീട്ട് മൂന്നരയ്ക്കാണ് സമര പ്രഖ്യാപന കൺവെൻഷൻ. പ്രതിഷേധ പരിപാടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കർഷക സംഘടനകളുടെ പിന്തുണയിൽ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.

അതേസമയം ഇടുക്കി ജില്ലയിലെ ബഫർ സോൺ റിപ്പോർട്ടിലെ അപാകതയിൽ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഇടുക്കി ജില്ലാ കളക്ടർ, വില്ലേജ് ഓഫീസർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് പരിശോധിക്കുക.

കരുതൽമേഖല ഉൾപ്പെടുന്ന നാല് പ്രദേശങ്ങളിലെ വൈൽഡ് ലൈഫ് വാർഡൻമാരും സമിതിയിൽ ഉണ്ടാവും. എത്രയും പെട്ടെന്ന് നേരിട്ട് സ്ഥല പരിശോധന നടത്താനാണ് നിർദ്ദേശം. ഉപഗ്രഹസർവേയിൽ അധികമായി ഉൾപ്പെട്ടിരിക്കുന്ന ജനവാസമേഖലകൾ ഏതെല്ലാം, വിട്ടുപോയ പ്രദേശങ്ങൾ ഏതെല്ലാം എന്നിവ കണ്ടെത്തി സമ​ഗ്ര റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.

Top