പോത്തിനെ കെട്ടിത്തൂക്കി കൊന്ന നിലയില്‍; പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പൊലീസ്

അരീപ്പറമ്പ്: പോത്ത്കിടാവിനെ മരത്തില്‍ കെട്ടിത്തൂക്കി കൊന്നതായി ആരോപണം. സംഭവത്തില്‍ കേസെടുത്ത മണര്‍കാട് പൊലീസ് , ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോത്തിനെ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും അറിയിച്ചു.
അരീപ്പറമ്പ് മൂലക്കുളം രാജുവിന്റെ പോത്തുകിടാവിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

വീടിന് സമീപമുള്ള പുരയിടത്തിലെ മരത്തില്‍ പോത്തിനെ കെട്ടിയതാണെന്നും എന്നാല്‍ സമീപത്തെ റബ്ബര്‍ തോട്ടത്തിലെ മരത്തിന്റെ ചുവട്ടില്‍ നിന്ന് പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നെന്നുമാണ് രാജുവിന്റെ ആരോപണം. തിങ്കളാഴ്ച രാവിലെ പോത്തിനെ മരത്തില്‍ കെട്ടിയ ശേഷം രാജു പണിക്കുപോയിരുന്നു. വൈകീട്ട് നാലരയോടെ ഇതുവഴിയെത്തിയ നാട്ടുകാരാണ് സംഭവം കണ്ടത്.

മരച്ചുവട്ടില്‍ ചത്തു കിടന്ന പോത്തിന്റെ കഴുത്തിലെ കയര്‍, പത്തടിയോളം ഉയരമുള്ള ശിഖരത്തില്‍ നിന്ന് തൂങ്ങിക്കിടക്കുകയായിരുന്നു. പൊലീസെത്തിയ ശേഷമാണ് കയര്‍ മുറിച്ചുമാറ്റിയത്.

 

Top