ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ്; ഡോക്ടറായ നിര്‍മാതാവിലേക്കും അന്വേഷണം നീളുന്നു

leena-mareia-paul

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അന്വേഷണം ഡോക്ടറായ നിര്‍മാതാവിലേക്കും നീളുന്നു. നടിക്ക് വധ ഭീഷണിയുണ്ടെന്ന് പൊലീസിനെ ഇന്‍ഫോം ചെയ്തത് ഈ നിര്‍മ്മാതാവായിരുന്നു. സംശയത്തെ തുടര്‍ന്ന് ഇയാളുടെ കൊല്ലത്തെ വീട്ടില്‍ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

ഡിസംബര്‍ 15ന് പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് ഉണ്ടാകുന്നതിനു മുമ്പുതന്നെ നടിക്കെതിരെ വധഭീക്ഷണിയുണ്ടെന്ന് നിര്‍മ്മാതാവ് പൊലീസിന് വിവരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും രണ്ടു ദിവസം ബ്യൂട്ടി പാര്‍ലറിന്റെ പരിസരത്ത് നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വെടിവെപ്പുണ്ടായത്. നടിക്ക് ഭീഷണിയുണ്ടെന്ന് എങ്ങനെ അറിഞ്ഞുവെന്ന് ഇയാളോട് ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബ്യൂട്ടി പാര്‍ലര്‍ കേസിലെ ഒന്നാം പ്രതി അധോലോക കുറ്റവാളി രവി പൂജാരിയെ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍നിന്ന് വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സെനഗലില്‍ അറസ്റ്റിലായെങ്കിലും രണ്ടു മാസത്തില്‍ക്കൂടുതല്‍ രവി പൂജാരിയെ കസ്റ്റഡിയില്‍ വെയ്ക്കാന്‍ അവര്‍ക്ക് കഴിയില്ല. അതിനാലാണ് വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത്.

Top