ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭാര്യ എന്നറിയപ്പെട്ടിരുന്ന ബുധ്‌നി മെജാന്‍ അന്തരിച്ചു

ന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ‘ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഭാര്യ’ എന്നറിയപ്പെടുന്ന ബുധ്‌നി മെജാന്‍(85) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഝാര്‍ഖണ്ഡിലെ പഞ്ചേതിനടുത്തുള്ള വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച സംസ്‌കാരം നടന്നു.

64 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാമോദര്‍ നദിയിലെ പഞ്ചേത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നെഹ്റുവിനെ ബുധ്നി ഹാരമണിയിച്ചത് വിവാദമായിരുന്നു. 1959 ഡിസംബര്‍ 6-നാണ് അന്നത്തെ പ്രധാനമന്ത്രി നെഹ്റു പഞ്ചേത് റിസര്‍വോയര്‍ ഉദ്ഘാടനം ചെയ്യാനെത്തുന്നത്. ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്നുള്ള നിരവധി ആദിവാസി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അണക്കെട്ടിന്റെ നിര്‍മ്മാണത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഉദ്ഘാടന ദിവസം നെഹ്റുവിനെ കാണാന്‍ അവരുമെത്തി. 15 വയസ്സുള്ള ബുധ്നിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

നെഹ്റുവിനെ മാലയിട്ട് ആരു സ്വീകരിക്കും ഡിവിസി ഉദ്യോഗസ്ഥരുടെ തീരുമാനമനുസരിച്ച്, ഉത്തരവാദിത്തം 15 വയസ്സുള്ള സാന്താല്‍ പെണ്‍കുട്ടിയുടെ മേല്‍ വന്നു. നെഹ്‌റുവിനെ മാലയിട്ട് ബുധ്നി സ്വാഗതം ചെയ്തു. തന്നെ സ്വീകരിക്കാന്‍ ഉപയോഗിച്ച മാല നെഹ്‌റു തിരികെ ബുധ്‌നിയുടെ കഴുത്തില്‍ ഇട്ടു. മാത്രവുമല്ല, ബുധ്നിക്കിനൊപ്പം നെഹ്റു അണക്കെട്ട് ഉദ്ഘാടനവും നടത്തി. ഈ അണക്കെട്ട് ‘വികസ്വര ഇന്ത്യയുടെ ക്ഷേത്രം’- ഉദ്ഘാടന പ്രസംഗത്തില്‍ നെഹ്റു പറഞ്ഞു. എന്നാല്‍ ആ ദിനം മുതല്‍ ബുധ്‌നിയുടെ ജീവിതം എന്നെന്നേക്കുമായി മാറി.

വ്യഭിചാരത്തിന്റെ ‘കുറ്റത്തിന്’ ബുധ്‌നി ഗോത്ര സമൂഹത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. ആദിവാസി സമൂഹത്തിന്റെ നിയമമനുസരിച്ച് പുരുഷന്റെ കഴുത്തില്‍ മാലയിടുന്നത് വിവാഹമാണ്. എന്നാല്‍ നെഹ്റു ഒരു ആദിവാസിയല്ല. അതിനാല്‍ സമൂഹത്തില്‍ നിന്ന് പുറത്താക്കി, ഗ്രാമം വിടേണ്ടി വന്നു. 1962-ല്‍ ബുധ്നിയെ ഡിവിസിയിലെ ജോലിയില്‍ നിന്ന് പുറത്താക്കി. പിന്നീട് നെഹ്‌റുവിന്റെ ഭാര്യ എന്നാണ് ബുധ്‌നി അറിയപ്പെട്ടിരുന്നത്. പിന്നീട് ഏറെ നാള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട അവരെ കാണാതായി.

1985ല്‍ അസന്‍സോളില്‍ നിന്നുള്ള അന്നത്തെ കോണ്‍ഗ്രസ് എംപി ആനന്ദഗോപാല്‍ മുഖോപാധ്യായയുടെ ശ്രമഫലമായി ബുധ്‌നി പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കണ്ടു. ജോലി തിരികെ ലഭിച്ചു. ഡിവിസിയുടെ വസതിയിലായിരുന്നു താമസം. പിന്നീട് വിവാഹിതയായ ബുധ്‌നിക്ക് ഒരു മകളും ഒരു മകനുമുണ്ട്.

Top