Budget-women-safety and transgenders issues

തിരുവനന്തപുരം: 60 കഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് ഇടത് സര്‍ക്കാര്‍ പുതിയൊരു കീഴ് വഴക്കത്തിന് തുടക്കം കുറിച്ചു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്ന പ്രഖ്യാപനമാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കൂടാതെ ഭിന്നലിംഗക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സഹായവും അനുവദിക്കും.

സ്ത്രീകളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് സ്ഥാപിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചു. ഇനി മുതല്‍ ബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി നീക്കി വെക്കും. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ സ്ത്രീ സൗഹൃദ ടോയ് ലറ്റ് സ്ഥാപിക്കും. സ്‌കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്‌ലി ശുചിമുറികള്‍ ഉറപ്പാക്കും.

മാര്‍ക്കറ്റുകള്‍,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍ എന്നിവയടങ്ങിയ ഫ്രഷ്അപ് സെന്ററുകള്‍ തുടങ്ങും. കുടുംബശ്രീക്കാവും ഇതിന്റെ മേല്‍നോട്ടം. ജന്‍ഡര്‍ പാര്‍ക്കുകള്‍ പുനഃസ്ഥാപിക്കും. എല്ലാ രംഗത്തും സ്ത്രീ പരിഗണന ഉറപ്പാക്കും. ബജറ്റ് രേഖകള്‍ക്കൊപ്പം ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും ഹാജരാക്കും. നിര്‍ഭയ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ക്ക് 12.5 കോടി രൂപ വകയിരുത്തി.

കുടുംബശ്രീയുടെ പുനരുദ്ധാരണം നടപ്പാക്കും. കുടുംബശ്രീക്കായി 200 കോടി രൂപ വകയിരുത്തി. നാല് ശതമാനം പലിശയില്‍ കുടുംബശ്രീക്ക് വായ്പ അനുവദിക്കും. അതിനായി 50 കോടി രൂപ വകയിരുത്തി.

Top