ഡല്‍ഹിയോട് ബിജെപിക്ക് എത്ര സ്‌നേഹം? ബജറ്റില്‍ അറിയാം; കെജ്രിവാളിന്റെ ഒളിയമ്പ്!

കേന്ദ്രത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഡല്‍ഹിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഒളിയമ്പ്. ഡല്‍ഹിയോട് ബിജെപിക്ക് എത്ര സ്‌നേഹമുണ്ടെന്ന് ബജറ്റില്‍ വ്യക്തമാകുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

‘കേന്ദ്രം തങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹിയിലെ ജനങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിക്ക് കൂടുതല്‍ ലഭിക്കണം, ബജറ്റില്‍ അറിയാം ബിജെപിക്ക് ഡല്‍ഹിയോട് എത്ര സ്‌നേഹമുണ്ടെന്ന്’, കെജ്രിവാള്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പേരില്‍ ദേശീയ തലസ്ഥാനത്തിന് നല്‍കുന്ന ആനുകൂല്യങ്ങള്‍ പ്രഖ്യാപനങ്ങളില്‍ നിന്ന് ഒഴിവാക്കരുതെന്ന് ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനോട് കെജ്രിവാള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ‘ഡല്‍ഹിയുടെ വികസനം ഒരു കാരണവശാലും തടസ്സപ്പെടരുത്’, കെജ്രിവാള്‍ പറഞ്ഞു.

ഫെബ്രുവരി 1ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ തീയതി മാറ്റാന്‍ എഎപി ശ്രമിക്കുമെന്ന വാര്‍ത്തകളെ ഡല്‍ഹി മുഖ്യമന്ത്രി തള്ളിയിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തെ വേഗത്തിലാക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിജെപി നയിക്കുന്ന മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് പരമാവധി പണം നല്‍കാനും കേന്ദ്രത്തോട് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

Top