സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് മാര്‍ച്ച് 11 ന് അവതരിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് മാര്‍ച്ച് 11 ന് അവതരിപ്പിക്കും. പ്രതിസന്ധിയുടെ നടുക്കയത്തില്‍ നില്‍ക്കുമ്പോഴാണ് മറ്റൊരു ബജറ്റ് കൂടി വരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കൊട്ടാരക്കര എംഎല്‍എയുമായ മന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക.

കേന്ദ്രത്തില്‍ അടക്കം അടിസ്ഥാന സൗകര്യ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന കിട്ടാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വ്യവസായരംഗത്ത് കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാകും ഇത്തവണത്തെ സംസ്ഥാന ബജറ്റ് എന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിസന്ധി കാലത്ത് വിപണിയില്‍ പണം എത്തിക്കുകയാണ് സര്‍ക്കാരിന് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം എന്നായിരുന്നു സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്. അതേസമയം കഴിഞ്ഞ ബജറ്റില്‍ വികസനപദ്ധതികള്‍ക്കായി വകയിരുത്തിയ തുകയില്‍ 13652.82 കോടി രൂപ ഇനിയും ചെലവഴിക്കാന്‍ ആയില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. വികസനത്തിനായി മാത്രം ചെലവഴിക്കുന്ന തുകയാണിത്.

Top