നിയമസഭയില്‍ ബജറ്റ് ചര്‍ച്ച ഇന്നു മുതല്‍; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിനെപ്പറ്റി നിയമസഭയില്‍ പൊതു ചര്‍ച്ച ഇന്ന് തുടങ്ങും. മൂന്നു ദിവസമാണ് പൊതു ചര്‍ച്ച നടക്കുക. ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നിയമസഭക്ക് അകത്തും പുറത്തും പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ചോദ്യോത്തരവേള മുതല്‍ പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യതയുണ്ട്. തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിന്റെ മുറിയില്‍ യുഡിഎഫ് യോഗം ചേരും. ബജറ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.

നികുതി വര്‍ധനയ്‌ക്കെതിരെ ചൊവ്വാഴ്ച ജില്ലാ ആസ്ഥാനങ്ങളില്‍ യുഡിഎഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജനരോഷം കണക്കിലെടുത്ത് ബുധനാഴ്ച ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ധനസെസ് രണ്ടു രൂപ കൂട്ടിയത് ഒരു രൂപയായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചേക്കും. മറ്റു നികുതികള്‍ കുറച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Top