സർക്കാർ ബജറ്റ് കേരള ടൂറിസം മേഖലക്ക് ഗുണം ചെയ്യുന്നത് : കടകംപ്പള്ളി

തിരുവനന്തപുരം : കേരളത്തിലെ ടൂറിസം മേഖല കൊവിഡ് കാരണം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ പര്യാപ്തമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതിശക്തമായ മാര്‍ക്കറ്റിംഗിലൂടെ മാത്രമേ ടൂറിസം രംഗത്ത് തിരിച്ചു വരവ് സാധിക്കുകയുള്ളൂ. കഴിഞ്ഞ തവണത്തേക്കാള്‍ 40 ശതമാനം വര്‍ധനവ് വരുത്തി മാര്‍ക്കറ്റിംഗിനായി 100 കോടി രൂപ ബജറ്റില്‍ അനുവദിച്ചത് സ്വാഗതാര്‍ഹമാണ്.

കോഴിക്കോട് – തിരുവിതാംകൂര്‍ പൈതൃക ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ 40 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. തലശേരി, ആലപ്പുഴ, മുസിരിസ് പൈതൃക പദ്ധതികള്‍ ഇപ്പോള്‍ അതിവേഗം പുരോഗമിച്ച് വരികയാണ്. ഇതിന് പുറമെയാണ് രണ്ട് പൈതൃക പദ്ധതികള്‍ കൂടി ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ തന്നെ തിരുവിതാംകൂര്‍ പൈതൃക പദ്ധതികള്‍ക്ക് 40 കോടി രൂപ വകയിരുത്തിയത് കൂടുതല്‍ പ്രയോജനം ചെയ്യും.

ടൂറിസം ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് ഈ രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസപ്രദമാകുന്നതാണ്. കൊച്ചി ബിനാലെയുടെ മാതൃകയില്‍ ആലപ്പുഴയില്‍ ഒരു ഗ്ലോബല്‍ പെയിന്റിംഗ് എക്‌സിബിഷന്‍ ആരംഭിക്കാന്‍ തുക അനുവദിച്ചത് സ്വാഗതാര്‍ഹമാണെന്നും കടകംപ്പള്ളി പറഞ്ഞു.

Top