ജീവശ്വാസം തിരിച്ചുപിടിച്ച് സമ്പദ്‌വ്യവസ്ഥ; നിര്‍മ്മലയുടെ ബജറ്റ് ‘ഊര്‍ജ്ജം’ നല്‍കുമോ?

nirmala-sitharaman

കൂപ്പുകുത്തിയ വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ നയങ്ങള്‍ ഫലം കാണുന്നതിന്റെ സൂചന വിവിധ മേഖലകളില്‍ ദൃശ്യമാണ്. ഇതിനിടെ എത്തുന്ന 2020 ബജറ്റ് ഇന്ത്യയുടെ മുന്നേറ്റത്തില്‍ സുപ്രധാനമായത് കൊണ്ട് തന്നെ കൂടുതല്‍ മികച്ച ഊര്‍ജ്ജം പകരാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപക ലോകം.

സമ്പദ് വ്യവസ്ഥയുടെ സപ്ലൈ ഭാഗത്തെ സ്പര്‍ശിക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചത്. ഇനി ബജറ്റ് ജനങ്ങുടെ ആവശ്യം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ക്കാണ് വഴിയൊരുക്കേണ്ടതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഹൃസ്വകാല, ദീര്‍ഘകാല അടിസ്ഥാനത്തില്‍ വളര്‍ച്ചയ്ക്ക് ഉതകുന്ന പരിഹാര നടപടികളും അനിവാര്യമാണ്. അതുകൊണ്ട് തന്നെ സീതാരാമന്റെ ബജറ്റ് സുപ്രധാന നയപ്രഖ്യാപനങ്ങളാല്‍ സമ്പുഷ്ടമായേക്കാം.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുന്‍ ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ലിസ്റ്റ് ചെയ്ത ഇക്വിറ്റി ഷെയറുകള്‍ക്ക് 10% നികുതി ഏര്‍പ്പെടുത്തിയത്. വിപണിക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്‍ടിസിജി ടാക്‌സ് രണ്ട് വര്‍ഷത്തെ ഹോള്‍ഡിംഗ് പിരീഡിലേക്ക് മാറ്റാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ലാഭം നേടുന്ന കമ്പനികള്‍ വിതരണം ചെയ്യുന്ന ഡിവിഡന്റിന് മേലുള്ള നികുതിയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ടാക്‌സ് അടച്ച കമ്പനികള്‍ രണ്ടാമതും ടാക്‌സ് ചെയ്യപ്പെടുന്ന ഈ നികുതിയും ഒഴിവാക്കാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ വ്യക്തിഗത ഇന്‍കം ടാക്‌സ് കുറയ്ക്കുമെന്നും പ്രതീക്ഷയുണ്ട്. എന്നാല്‍ നികുതി വരുമാനം കുറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരായ വാദങ്ങളും ഉയരുന്നുണ്ട്.

Top