ബുദ്ധമത സന്യാസികള്‍ നടത്തുന്ന പീഡനങ്ങള്‍ 1990 മുതല്‍ അറിയാമെന്ന് ദലൈലാമ

ഹേഗ്: ബുദ്ധമത സന്യാസിമാര്‍ നടത്തുന്ന ലൈംഗിക ആരോപണങ്ങളില്‍ പുതുമയില്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ബുദ്ധമത സന്യാസികള്‍ നടത്തുന്ന പീഡനങ്ങളെ സംബന്ധിച്ച് 1990 മുതല്‍ തനിക്ക് അറിവുള്ളതാണെന്നും, അത്തരം ആരോപണങ്ങളില്‍ പുതുമയില്ലെന്നുമാണ് ദലൈലാമ വ്യക്തമാക്കിയത്.

നെതര്‍ലന്‍ഡ്‌സില്‍ നാലുദിവസത്തെ സന്ദര്‍ശനം നടത്തവെയാണ് ബുദ്ധമത അധ്യാപകരുടെ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ചു ദലൈലാമ പരസ്യ പ്രസ്താവനയ്ക്കു തയ്യാറായത്. നെതര്‍ലന്‍ഡ്‌സിലെത്തുന്ന ദലൈലാമയെ നേരില്‍ക്കണ്ടു സംസാരിക്കണമെന്ന ആവശ്യമറിയിച്ച് ബുദ്ധസന്യാസികളുടെ പീഡനത്തിനിരയായ ഒരു ഡസനില്‍ അധികം ആളുകള്‍ മുന്നോട്ടുവന്നിരുന്നു. ഇതേക്കുറിച്ച് ഡച്ച് പബ്ലിക് ടെലിവിഷനില്‍ സംസാരിക്കവെയാണ് ലാമ ഇത്തരത്തില്‍ പ്രതികരിച്ചത്.

ടിബറ്റിലെ ആത്മീയനേതാക്കളെല്ലാം നവംബറില്‍ ധരംശാലയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. മതനേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും, കൂടിക്കാഴ്ചയില്‍ വിഷയം ഗൗരവമായിത്തന്നെ ചര്‍ച്ച ചെയ്യുമെന്നും ലാമ പറഞ്ഞു.

Top