ബി.ടി.എസ് അംഗം ‘സുഗ’പട്ടാളത്തിലേക്ക്; കണ്ണീര്‍ യാത്ര നല്‍കി ആരാധകര്‍

ചുരുങ്ങിയ കാലം കൊണ്ട് ലോകം മുഴുവന്‍ കീഴടക്കിയ സൗത്ത് കൊറിയന്‍ ബാന്‍ഡ് ആണ് ബിടിഎസ്. ലോകത്താകമാനം കോടിക്കണക്കിന് ആരാധകരാണ് ബി.ടി.എസിന് ഉള്ളത്. ബി.ടി.എസിലെ ഗായകന്‍ ‘സുഗ’ നിര്‍ബന്ധിത സൈനിക സേവനത്തിലേക്ക് പോകുന്നതായ വാര്‍ത്ത ‘ബിഗ് ഹിറ്റ്’ മ്യൂസിക് കമ്പനിയാണ് പുറത്തുവിട്ടത്.

ബി.ടി.എസില്‍ നിന്ന് സൈനിക സേവനത്തിന് പോകുന്ന മൂന്നാമത്തെ അംഗമാണ് സുഗ എന്ന മിന്‍ യോംകിം. നേരത്തേ ജിന്‍, ജെ-ഹോപ്പ് എന്നിവര്‍ അവരുടെ നിര്‍ബന്ധിത സൈനിക സേവനം ചെയ്തിരുന്നു. സുഗയുടെ സൈനിക സേവനം സെപ്റ്റംബര്‍ 22 ന് ആരംഭിക്കും. ‘അദ്ദേഹത്തിന്റെ സേവന കാലയളവില്‍ സുഗയുടെ ജോലിസ്ഥലം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ഞങ്ങള്‍ ആരാധകരോട് ആവശ്യപ്പെടുന്നു. നിങ്ങളുടെ ഊഷ്മളമായ ആശംസകളും പ്രോത്സാഹനവും നിങ്ങളുടെ ഹൃദയത്തില്‍ മാത്രം സൂക്ഷിക്കുക’ ‘ബിഗ് ഹിറ്റ്’ മ്യൂസിക് അഭ്യര്‍ഥിച്ചു.

സുഗയുടെ സൈനിക സേവന വാര്‍ത്ത പുറത്തുവന്നതോടെ ‘ആര്‍മി’ എന്നറിയപ്പെടുന്ന ബി.ടി.എസ് ആരാധക സംഘം കടുത്ത നിരാശയിലാണ്. ‘സുഗ തന്റെ സേവനം പൂര്‍ത്തിയാക്കി മടങ്ങിവരുന്നതുവരെ നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഈ സമയത്ത് അദ്ദേഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ ഞങ്ങളുടെ കമ്പനിയും പരിശ്രമിക്കും. നന്ദി’- ബിഗ്ഹിറ്റ് മ്യൂസിക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Top