എസ്പി-ബിഎസ്പി സഖ്യം അവസാനിച്ചു; ഇനി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി…

ലഖ്‌നൗ: തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്പിയുമായി തുടങ്ങിയ സഖ്യം അവസാനിപ്പിച്ചെന്ന് ബിഎസ്പി നേതാവ് മായാവതി. ഇനി തിരഞ്ഞെടുപ്പിലെല്ലാം ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മായാവതി അറിയിച്ചു. ടീറ്ററിലൂടെയാണ് മായാവതി ഇക്കാര്യം പ്രഖ്യാപിച്ചത്.തിരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്ത ബി.എസ്.പി ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാണ് ഈ തീരുമാനമെടുത്തത്.

ചിരവൈരികളായ എസ്പിയും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു നിന്ന് മത്സരിച്ചത് ബിജെപിയെ തോല്‍പിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ്. എന്നാല്‍ 80ല്‍ 62 സീറ്റുകളാണ് ബിജെപി തിരഞ്ഞെടുപ്പില്‍ നേടിയത്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെയും പ്രസ്ഥാനത്തിന്റെയും താത്പര്യങ്ങള്‍മാനിച്ച് ഇനി വരുന്ന എല്ലാ തിരഞ്ഞെടുപ്പിലും ബിഎസ്പി, അത് ചെറുതായാലും വലുതായും ഒറ്റയ്ക്ക് മത്സരിക്കുമെന്ന്മായാവതി ട്വിറ്ററിലൂടെ അറിയിച്ചു.

‘2012-17 കാലഘട്ടത്തില്‍ സമാജ്വാദി പാര്‍ട്ടി ഒരുപാട് ദളിത് വിരുദ്ധ നടപടികള്‍ കൈക്കൊണ്ടിരുന്നു. എന്നിട്ടും ബിഎസ്പി എസ്പിയുമായി കൈകോര്‍ത്തത് രാജ്യ താത്പര്യത്തിനു വേണ്ടിയാണ്. എസ്പിക്കു കീഴിലെ സംസ്ഥാന ഭരണം ദളിത് വിരുദ്ധമായിരുന്നു. മാത്രമല്ല സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനവും ആ കാലത്ത് തകരാറിലായിരുന്നു’, മായാവതി ആരോപിച്ചു.

അതേസമയം കഴിഞ്ഞ ദിവസം ബിഎസ്പി നേതാക്കളുമായി മായാവതി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം അഖിലേഷ് യാദവ് തന്നെ വിളിച്ചില്ലെന്ന് മായാവതി കുറ്റപ്പെടുത്തിയിരുന്നു.

Top