സ്വയം വിരമിക്കല്‍ നാളെ; ബിഎസ്എന്‍എല്ലിന്റെ പടിയിറങ്ങുന്നത് 78,559 പേര്‍!

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിര്‍ദേശങ്ങളിലൊന്നായ സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ ബിഎസ്എന്‍എല്ലിന്റെ രാജ്യത്തെ ഏറ്റവുംവലിയ കൂട്ടവിരമിക്കല്‍ നാളെ നടക്കും. 78,559 ജീവനക്കാരാണ് നാളെ സ്വയം വിരമിച്ച് പിരിഞ്ഞുപോകുന്നത്.

ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. എല്ലാ ജീവനക്കാര്‍ക്കും ജനുവരി ആദ്യം കൊടുക്കേണ്ട ഡിസംബറിലെ ശമ്പളം ബുധനാഴ്ച വരെ വിതരണം ചെയ്തിട്ടില്ല.

കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ശേഷിക്കുക. 1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.വിരമിക്കല്‍ ആനുകൂല്യത്തിന്റെ പകുതി തുക മാര്‍ച്ച് 31-നുമുമ്പും ബാക്കി ജൂണ്‍ 30-നുമുമ്പും നല്‍കും. കുടിശ്ശിക ശമ്പളത്തുക ഫെബ്രുവരിയില്‍ നല്‍കുമെന്നാണ് വിവരം.

ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നതുകൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനവും പരിപാലനവും അടക്കമുള്ള കാര്യങ്ങള്‍ പുറംജോലി കരാര്‍ കൊടുക്കാനാണ് തീരുമാനം. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടേയുള്ളൂ.

ഓരോ എസ്.എസ്.എ. തലത്തിലുമാണ് കരാര്‍ നല്‍കുക. നിലവില്‍ മിക്ക എക്‌സ്‌ചേഞ്ചുകളിലും ലാന്‍ഡ്‌ഫോണ്‍ തകരാറുകള്‍ പരിഹരിക്കുന്നതില്‍ വീഴ്ചയുണ്ട്. ബി.എസ്.എന്‍.എല്‍. പാക്കേജില്‍ പ്രഖ്യാപിച്ച 4-ജി സ്‌പെക്ട്രം നടപടികളും ആയിട്ടില്ല. പ്രവര്‍ത്തനമൂലധനത്തിന് പണം കണ്ടെത്തുമെന്ന് പ്രഖ്യാപിച്ച നടപടികള്‍ ഒന്നുമായിട്ടില്ല. 3000 കോടി രൂപയുടെ ബാങ്ക് വായ്പ ഇതുവരെ കിട്ടിയിട്ടുമില്ല. 14,000 കോടി രൂപയുടെ കടപ്പത്രം ഇറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. ഇവ രണ്ടും ഡിസംബറില്‍ ഉണ്ടാവുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്.

Top