BSNL

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലേയ്ക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കോള്‍ നിരക്കുകള്‍ കുറച്ചു.

പുതിയ ഉപഭോക്താക്കള്‍ക്ക് 80 ശതമാനം വരെ കുറവ് ലഭിക്കും. ആദ്യത്തെ രണ്ട് മാസമായിരിക്കും ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ കഴിയുക. ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്. സെക്കന്‍ഡ് ബില്ലിംഗ് പ്ലാനിലും പെര്‍മിനുട്ട് പ്ലാനിലും ഈ ആനുകൂല്യം ലഭിക്കും.

ഇതിനായി പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ സെക്കന്‍ഡ് ബില്ലിംഗ് പ്ലാനില്‍ ആനുകൂല്യം ലഭിക്കാന്‍ 36 രൂപയുടെ പ്ലാന്‍ വൗച്ചര്‍ വാങ്ങി റീചാര്‍ജ് ചെയ്യണം. ഈ പ്ലാനില്‍ ബിഎസ്എന്‍എല്‍ നമ്പരുകളിലേക്ക് മൂന്ന് സെക്കന്‍ഡിന് ഒരു പൈസയും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് മൂന്ന് സെക്കന്‍ഡിന് 2 പൈസയുമായിരിക്കും ഈടാക്കുക. മിനിട്ട് പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ 37 രൂപയുടെ പ്ലാന്‍ വൗച്ചര്‍ വാങ്ങി റീ ചാര്‍ജ് ചെയ്യണം. ഈ പ്ലാന്‍ അനുസരിച്ച് ബിസ്എന്‍എല്‍ നമ്പരുകളിലേക്ക് മിനുട്ടിന് 10 പൈസയും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് മിനുട്ടിന് 30 പൈസ നിരക്കിലുമായിരിക്കും ഈടാക്കുക.

ബിഎസ്എന്‍എല്ലിനെതിരെ ഉയരുന്ന പരാതികള്‍ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനരീതികളില്‍ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്. പ്രവര്‍ത്തനം മെച്ചപ്പെടുത്താനുളള പുതിയ പദ്ധതികളുമായി ബിഎസ്എന്‍എല്‍ രംഗത്തു വന്നിരിക്കുന്നത്.

Top