ബിഎസ്എന്‍എല്‍ ലാഭത്തിലാക്കാന്‍ 50,000 4ജി സൈറ്റുകള്‍; ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു

പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്ലിനെ കനത്ത നഷ്ടത്തില്‍ നിന്നും ലാഭത്തിലാക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തലത്തിലും കമ്പനി തലത്തിലും ഇപ്പോള്‍ നടന്ന് വരികയാണ്. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം 4ജി സേവനങ്ങള്‍ നല്‍കാനൊരുങ്ങുകയാണ് ബിഎസ്എന്‍എല്‍.

സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസ പാക്കേജും 4ജി സ്‌പെക്ട്രവും ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അതിവേഗ ഡാറ്റ ലഭ്യമാക്കുന്നതിന് 50,000 4ജി സൈറ്റുകളാണ് കമ്പനി വിന്യസിക്കാനൊരുങ്ങുന്നത്. ഇതിനായി ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷാവസാനത്തോടെ 4 ജി സ്‌പെക്ട്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടുത്ത മാസം 50,000 ഇ-നോഡ്‌സ് ശേഷിയുള്ള ടെണ്ടര്‍ ഫ്‌ലോട്ട് ചെയ്യുമെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. പൂര്‍വാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ ടെന്‍ഡറില്‍ നിന്ന് 50,000 സൈറ്റുകള്‍ ചെയ്യാന്‍ കഴിയും, ഇതാണ് പ്രാരംഭ ലക്ഷ്യം. 18 മാസത്തിനുള്ളില്‍ 100,000 4 ജി സൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top