വിലകൂട്ടാതെ ലാഭമുണ്ടാക്കാൻ ബിഎസ്എൻഎൽ; നാല് പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ചു

സ്വകാര്യമൊബൈൽ കമ്പനികൾ ഫോൺകോളുകളുടെയും ഡാറ്റയുടെയും നിരക്കുയർത്താനൊരുങ്ങുമ്പോൾ പുതിയ വിപണന തന്ത്രവുമായി ബിഎസ്എൻഎൽ. മൊബൈൽ സേവനനിരക്കുകളുടെ വില കൂട്ടാതെ പകരം, പ്ലാനുകളുടെ വാലിഡിറ്റി വെട്ടികുറച്ച് വരുമാനവർദ്ധനവിന് പുതിയ വഴി കണ്ടെത്തുകയാണ് രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. വരുമാനവർദ്ധനവ് ലക്ഷ്യമിട്ടുകൊണ്ട് ഉപയോക്താക്കൾ കൂടുതലുള്ള നാല് പ്ലാനുകളുടെ വാലിഡിറ്റിയാണ് കഴിഞ്ഞദിവസം ബിഎസ്എൻഎൽ വെട്ടിക്കുറച്ചിരിക്കുന്നത്. 107 രൂപ,197 രൂപ,397 രൂപ, 797 രൂപ എന്നീ വിലനിലവാരത്തിലുള്ള നാല് ജനപ്രിയപ്ലാനുകളുടെ വാലിഡിറ്റിയാണ് കുറച്ചത്.

107 രൂപ വിലവരുന്ന ബിഎസ്എൻഎൽ പ്രീ പെയ്ഡ് പ്ലാനിന് 40 ദിവസമായിരുന്നു ഇതുവരെ നൽകി വന്നിരുന്ന വാലിഡിറ്റി. നിലവിൽ ഇത് 35 ദിവസമായാണ് വെട്ടിക്കുറച്ചിരിക്കുന്നത്. 35 ദിവസത്തേക്ക് 3 ജീബി ഡാറ്റയും, 200 മിനുറ്റ് ് സൗജന്യ വോയിസ് കോൾ സൗകര്യവും പഴയതുപോലെ തുടരും. ഈ പ്ലാനിൽ ബിഎസ്എൻഎൽ ട്യൂൺസും ലഭ്യമാണ്.

84 ദിവസത്തെ 197 രൂപയുടെ പ്ലാനിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനിമുതൽ 197 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 70 ദിവസമാക്കി കുറച്ചു. നേരത്തെ 84 ദിവസ പ്ലാനിൽ 18 ദിവസത്തേക്കും ദിനംപ്രതി 2 ഡിബി ഡാറ്റയും, അൺലിമിറ്റഡ് കോളിങ് സൗകര്യവും, ദിവസേന 100 എസ്എംഎസ് ആനുകൂല്യവും ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നു. എന്നാൽ പുതിയ വാലിഡിറ്റി പ്ലാൻ പ്രകാരം 15 ദിവസത്തേക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു.

397 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീ പെയഡ് പ്ലാനിന്റെ വാലിഡിറ്റി 180 ദിവസത്തിൽ നിന്നും 150 ദിവസമാക്കി കുറച്ചു. 2 ജിബി ഡാറ്റ, 100 എസ്എംഎസുകൾ, അൺലിമിറ്റഡ് കോളിങ്, തുടങ്ങിയ ആനുകൂല്യങ്ങളുടെ കാലാവധി 60 ദിവസത്തിൽ നിന്നും 30 ദിവസമാക്കിയും കുറച്ചു.

വില കൂടിയ 797 രൂപയുടെ പ്ലാൻ വാലിഡിറ്റിയും കുറച്ചിട്ടുണ്ട്. നേരത്തെ ഈ പ്ലാൻ പ്രകാരം 365 ദിവസത്തെ വാലിഡിറ്റിയും, അതിൽ ആദ്യ 60 ദിവസങ്ങളിൽ സൗജന്യ ആനുകൂല്യങ്ങളും ഉൾപ്പെട്ടിരുന്നു. നിലവിൽ 300 ദിവസത്തെ സർവ്വീസ് വാലിഡിറ്റി മാത്രമേ ഇനി നൽകുകയുളളു. അതേസമയം ആനുകൂല്യങ്ങൾ 60 ദിവസത്തേക്ക് തന്നെ നൽകും.

Top