ദിവസവും 22 ജിബി ഡാറ്റ; പുതിയ ബ്രോഡ്ബാന്റ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

പയോക്താക്കള്‍ക്കായി പുതിയ ബ്രോഡ്ബാന്റ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ദിവസവും 22 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 1,299 രൂപ വിലയുള്ള ഈ പ്ലാന്‍ ബിഎസ്എന്‍എല്‍ 22 ജിബി സിയുഎല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ എന്നാണ് അറിയപ്പെടുന്നത്. ധാരാളം ഡാറ്റ ആവശ്യമായി വരുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാന്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ബിഎസ്എന്‍എല്‍ 22 ജിബി സിയുഎല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ 2020 ജൂലൈ 1 മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഈ പ്ലാന്‍ ഉപയോക്താവിന് 10 എംബിപിഎസ് വരെ ഡൗണ്‍ലോഡ് സ്പീഡ് നല്‍കുന്നു. ഒരോ ദിവസത്തെയും ഡാറ്റ ലിമിറ്റ് 22 ജിബിയാണ്. ഈ ലിമിറ്റിന് ശേഷം ഇന്റര്‍നെറ്റ് വേഗത 2 എംബിപിഎസായി കുറയും.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഉപയോക്താക്കള്‍ക്ക് ഒഴികെ എല്ലാ ടെലികോം സര്‍ക്കിളുകളിലും പുതിയ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ലഭ്യമാണ്. ഈ പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉപയോക്താവിന് ആകെ നാല് ഓപ്ഷനുകളും കമ്പനി നല്‍കുന്നുണ്ട്. ആദ്യത്തേത് ഒരു മാസത്തേക്കുള്ള പ്ലാനാണ്. ഇതിന് 1,299 രൂപയാണ് ഉപയോക്താവ് നല്‍കേണ്ടി വരുന്നത്. രണ്ടാമത്തെ ഓപ്ഷന്‍ ഒരു വാര്‍ഷിക പേയ്മെന്റ് ഓപ്ഷനാണ്. ഇതിനായി 12,990 രൂപയാണ് നല്‍കേണ്ടത്.

ദിവസവും 22 ജിബി ഡാറ്റ നല്‍കുന്ന ബ്രോഡ്ബാന്റ് പ്ലാനിനായി ബിഎസ്എന്‍എല്‍ നല്‍കുന്ന മറ്റൊരു ഓപ്ഷന്‍ 2 വര്‍ഷത്തേക്കുള്ള പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുക എന്നതാണ്. ഇതിനായി 24,681 രൂപയാണ് ചിലവഴിക്കേണ്ടി വരുന്നത്. 3 വര്‍ഷത്തേക്കും ഇതേ പ്ലാന്‍ ലഭ്യമാണ്. ഇതിനായി ഉപഭോക്താവ് 36,372 രൂപ നല്‍കേണ്ടി വരും.

ബിഎസ്എന്‍എല്‍ 22 ജിബി സിയുഎല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിലൂടെ ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ ഐഡിയുമായി ബന്ധപ്പെടുത്തുന്ന 1 ജിബി സൗജന്യ ക്ലൌഡ് സ്റ്റോറേജ് അക്കൗണ്ട് ലഭിക്കും. ഇതോടൊപ്പം പ്രതിവര്‍ഷം 2,000 രൂപ നല്‍കി ഒരു സ്റ്റാറ്റിക് ഐപി അഡ്രസും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ആവശ്യമെങ്കില്‍ ഉപഭോക്താവിന് സ്റ്റാറ്റിക് ഐപി അഡ്രസിനായി ആവശ്യപ്പെടാം. ഒരു മാസത്തെ റെന്റ് സെക്യൂരിറ്റി ഡെപ്പോസിറ്റായും ഇതിന് നല്‍കേണ്ടി വരും.

ബ്രോഡ്ബാന്‍ഡ് കണക്ഷനോടൊപ്പം അണ്‍ലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് ബ്രോഡ്ബാന്‍ഡിനു പുറമെ ലാന്‍ഡ്ലൈന്‍ കണക്ഷനും ലഭിക്കും, ഇതില്‍ അണ്‍ലിമിറ്റഡ് കോളിംഗും ലഭിക്കും.

Top