ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി ബിഎസ്എന്‍എല്‍; മൊബൈല്‍ കവറേജ് സുഗമമാക്കുന്നതിന് 23 ടവറുകള്‍

പത്തനംത്തിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആധുനിക വാര്‍ത്താവിനിമയ സേവനങ്ങളാണ് ബിഎസ്എന്‍എല്‍ ഒരുക്കിയിരിക്കുന്നത്. പ്ലാപ്പള്ളി, പമ്പ ടെലിഫോണ്‍ എക്സ്ചേഞ്ച്, പമ്പ കെഎസ്ആര്‍ടിസി, പമ്പ ഗസ്റ്റ് ഹൗസ്, പമ്പ ആശുപത്രി, പമ്പ ഹില്‍ടോപ്പ്, നിലക്കല്‍, ളാഹ, അട്ടത്തോട്, ശബരിമല സിഎസ്സി, ശബരിമല ടെലിഫോണ്‍ എക്സ്ചേഞ്ച് തുടങ്ങിയ നിലവിലുള്ള 12 മൊബൈല്‍ ടവറുകളില്‍ മൊബൈല്‍ സേവനം തടസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. പ്രധാന തീര്‍ഥാടന പാതകളില്‍ മൊബൈല്‍ കവറേജ് സുഗമമായി ലഭിക്കാന്‍ 23 മൊബൈല്‍ ടവറുകളാണ് ബിഎസ്എന്‍എല്‍ സജ്ജമാക്കിയിട്ടുള്ളത്.

ഇലവുങ്കല്‍, നിലയ്ക്കല്‍ ആശുപത്രി, പമ്പ കെഎസ്ആര്‍ടിസി, ശരംകുത്തി, പ്രണവ് ബില്‍ഡിങ്, ശബരിമല ഗസ്റ്റ് ഹൗസ്, കൈലാഷ് ബില്‍ഡിങ്, പൊലീസ് ബാരക്ക്, ശബരിമല നടപ്പന്തല്‍, അപ്പാച്ചിമേട്, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ സ്ഥലങ്ങളില്‍ 11 അധിക മൊബൈല്‍ ടവറുകളുടെയും പ്രവര്‍ത്തനം സജ്ജമാക്കി. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 300 എംബിപിഎസ് വേഗത ലഭിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ടിവിറ്റി ലഭ്യമാകും.

ഒപ്റ്റിക്കല്‍ ഫൈബര്‍ മുഖേനയുള്ള 150 ഇന്റര്‍നെറ്റ് കണക്ഷനുകള്‍, 26 ഹോട്ട് ലൈന്‍, ഫൈബര്‍ കണക്ടിവിറ്റിയിലൂടെ 15 ലിസ്ഡ് സര്‍ക്യൂട്ടുകള്‍ തുടങ്ങിയ സേവനങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഓക്സിജന്‍ പാര്‍ലറുകള്‍, എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ പമ്പയിലും ശബരിമലയിലും സജ്ജമാണ്.

പുതിയ മൊബൈല്‍ കണക്ഷന്‍, അയല്‍സംസ്ഥാനങ്ങളിലുള്ള സിമ്മുകള്‍ എടുക്കുന്നത്, റീചാര്‍ജ്, ബില്‍ പെയ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭിക്കും. പമ്പ വെര്‍ച്ചല്‍ ക്യൂ, ശബരി മല ക്യൂ കോംപ്ലസ് തുടങ്ങിയ സ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് പബ്ലിക് വൈഫൈ സൗകര്യവും ലഭിക്കും. ഗ്രാമീണമേഖലയില്‍ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുന്ന ഭാരത് ഉദ്യമി പ്രകാരമുള്ള ബിഎസ്എന്‍എല്‍ ഫൈബര്‍ കണക്ഷനുകള്‍ ഓണ്‍ ഡിമാന്റ് ആയി നല്‍കുമെന്ന് ബി എസ് എന്‍ എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ കെ സാജു ജോര്‍ജ് അറിയിച്ചു.

Top