ജോലി ഉപേക്ഷിക്കൂ ബിഎസ്എന്‍എല്ലിനെ രക്ഷിക്കൂ; 90 ലക്ഷം വരെ വിരമിക്കല്‍ പാക്കേജ്

രാജ്യത്തിന്റെ ടെലികോം ഓപ്പറേറ്റര്‍ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് വിരമിച്ച് പോകാന്‍ അവസരം ഒരുക്കി നല്‍കുന്ന വിആര്‍എസ് സ്‌കീമില്‍ വന്‍തുക പാക്കേജായി നല്‍കുമെന്ന് റിപ്പോര്‍ട്ട്. ബിഎസ്എന്‍എല്‍ വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം 2019 പ്രകാരം 50 വയസ്സും, അതിന് മുകളിലും പ്രായമുള്ളവര്‍ക്കാണ് വിരമിക്കാന്‍ അവസരം നല്‍കുന്നത്. കണക്ക് പ്രകാരം 1.6 ലക്ഷം വരുന്ന ജീവനക്കാരില്‍ 63 ശതമാനം പേര്‍ക്കും വിആര്‍എസ് യോഗ്യതയുണ്ട്.

വിആര്‍എസ് സ്‌കീം പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ 80,000 ജീവനക്കാര്‍ ഇതിനായി തയ്യാറെടുത്ത് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കൂടുതല്‍ പേര്‍ സ്‌കീമിന്റെ ഭാഗമായി ബിഎസ്എന്‍എല്ലില്‍ നിന്നും ഒഴിഞ്ഞുപോകുമെന്നാണ് സൂചന. ഡിസംബര്‍ 3 ആണ് ഇതിനുള്ള അവസാന തീയതി. ലഭിക്കുന്ന തുകയുടെ വലുപ്പം കണ്ടുതന്നെയാണ് ജീവനക്കാര്‍ വിആര്‍എസ് എടുക്കാന്‍ സന്നദ്ധത അറിയിക്കുന്നത്.

സ്‌കീം അനുസരിച്ച് ജോലി ബാക്കിയുള്ള മാസങ്ങളിലെ ശമ്പളമാണ് മുന്‍കൂറായി കൈമാറുക. നിലവില്‍ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് വിരമിക്കല്‍ പ്രായം 60 വയസ്സാണ്. 55 വയസ്സുള്ളവര്‍ക്ക് ബാക്കിയുള്ള 60 മാസത്തെ ശമ്പളമാണ് വിആര്‍എസ് പ്രകാരം ലഭിക്കുക. ഇതനുസരിച്ച് ലക്ഷാധിപതികളായാണ് ഒട്ടുമിക്ക ജീവനക്കാരും പുറത്തിറങ്ങുക.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബിഎസ്എന്‍എല്‍ 1200 കോടിയാണ് പ്രതിമാസം പൊടിക്കുന്നത്. 50ാം വയസ്സില്‍ വിരമിക്കുന്ന ജീവനക്കാരന് 90 ലക്ഷം പാക്കേജില്‍ ലഭിക്കും.

Top