ഒരു വര്‍ഷം കഴിഞ്ഞു, പ്രഖ്യാപിച്ച കോടികള്‍ എവിടെ? ബിഎസ്എന്‍എല്‍ ജീവനക്കാര്‍ നിരാഹാരത്തില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 69,000 കോടിയുടെ പാക്കേജ് വൈകുന്നതില്‍ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പ്രതിഷേധത്തില്‍. തുടര്‍ന്ന് ജീവനക്കാര്‍ ഇന്ന് ദേശവ്യാപകമായി നിരാഹാര സമരം നടത്തുന്നു. സമരത്തില്‍ ബിഎസ്എന്‍എല്ലിന്റെ എല്ലാ യൂണിയനുകളും അസോസിയേഷനകളും പങ്കെടുക്കും എന്നാണ് വിവരം.

സാമ്പത്തികമായി ദിനം പ്രതി കൂപ്പുക്കുത്തുന്ന ബിഎസ്എന്‍എലിനെ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ 69,000 കോടി പഖ്യാപിച്ചത്. എന്നാല്‍ ഇത് വൈകുന്നതിനെ തുടര്‍ന്ന് നിരവധി തവണ ജീവനക്കാര്‍ പ്രതിഷേധം അറിയിച്ചെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് നിരാഹാര സമരം എന്ന അടവുമായി ജീവനക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. ഈ സമരത്തിലൂടെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുമെന്നാണ് ജീവനക്കാരുടെ സംഘടനയായ ഓള്‍ യൂണിയന്‍സ് ആന്‍ഡ് അസോസിയേഷന്‍സ് ഓഫ് ബിഎസ്എന്‍എല്‍ (എ.യു.എ.ബി.) പറയുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ബിഎസ്എന്‍എലിന്റെയും സഹസ്ഥാപനമായ എംടിഎന്‍എലിന്റെയും പുനരുജ്ജീവനത്തിനായി 69,000 കോടി രൂപയുടെ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 4ജി സ്‌പെക്രട്രം, എംടിഎന്‍എല്ലുമായുള്ള ലയനം, ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി എന്നിവയും പാക്കേജില്‍ ഉള്‍പ്പെട്ടതാണ്.

Top