ബിഎസ്എൻഎൽ 5ജി ഡിസംബറിൽ; രണ്ടാഴ്ചയ്ക്കുള്ളിൽ 200 സൈറ്റുകളിൽ 4ജി

ടുത്ത രണ്ടാഴ്ചക്കുള്ളിൽ 200 സൈറ്റുകളിൽ ബിഎസ്എൻഎൽ 4ജി സേവനം ലഭ്യമാകുമെന്ന് കേന്ദ്ര ഐടി, കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നവംബർ-ഡിസംബർ മാസത്തോടെ ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്‌വർക്ക് 5ജിയിലേക്ക് മാറുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് വികസിപ്പിച്ചെടുത്ത ടെക്നോളജിയും ഉപകരണങ്ങളുമാണ് 4ജി, 5ജി നെറ്റ്‌വർക്കുകള്‍ക്കായി ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്. ചണ്ഡീഗഡിനും ഡെറാഡൂണിനുമിടയിൽ 200 സൈറ്റുകളിൽ 4ജി ഇൻസ്റ്റാളേഷനുകൾ നടത്തിക്കഴിഞ്ഞു, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സേവനം ഉപഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങുമെന്നും വൈഷ്ണവ് പറഞ്ഞു.

1.23 ലക്ഷത്തിലധികം സൈറ്റുകളിൽ 4ജി നെറ്റ്‍വർക്ക് വിന്യസിക്കുന്നതിനായി ബിഎസ്എൻഎൽ ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐടിഐ ലിമിറ്റഡ് കമ്പനികൾക്ക് 19,000 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ട്. ബിഎസ്എൻഎൽ 4ജിയുടെ വേഗം ഉപഭോക്താക്കളെ അദ്ഭുതപ്പെടുത്തും. മൂന്ന് മാസം നീണ്ട പരീക്ഷണത്തിനു ശേഷമാണ് 200 സൈറ്റുകൾ പ്രവർത്തനക്ഷമമാകുന്നതെന്നും മന്ത്രി അറിയിച്ചു.

ഇന്ന് രാജ്യത്ത് ഓരോ മിനിറ്റിലും ഒരു 5ജി സൈറ്റെങ്കിലും ആക്ടിവേട് ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ 5ജി മുന്നേറ്റത്തിൽ ലോകം തന്നെ ആശ്ചര്യപ്പെടുന്നു. ഗംഗോത്രിയിലെ ചാർധാമിൽ 5ജി സൈറ്റ് ഇൻസ്റ്റാൾ ചെയ്തുകൊണ്ട് വൈഷ്ണവ് പറഞ്ഞു. ഇന്ത്യയിൽ 5ജി ലഭ്യമാകുന്ന രണ്ട് ലക്ഷം സൈറ്റുകൾ എന്ന നാഴികകല്ലാണ് ഇതോടെ മറികടന്നത്.

അമേരിക്ക പോലും ഇന്ത്യയിൽ നിർമിച്ച ടെലികോം ടെക്നോളജി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. അതിവേഗ നെറ്റ്‌വർക്ക് സർവീസുകൾ ഇന്ത്യയുടെ മുഖഛായ മാറ്റും. ദുരിതാശ്വാസം, ദുരന്തനിവാരണം, നിരീക്ഷണം, സമ്പദ്വ്യവസ്ഥയുടെ ഉത്തേജനം എന്നിവയ്ക്ക് ഇതു സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

Top