ബിഎസ്എൻഎൽ 4ജി എത്താൻ വൈകും

ന്യൂഡൽഹി: ബിഎസ്എൻഎൽ 4ജി രാജ്യമാകെ എത്താൻ ഇനിയും ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വരും. സാങ്കേതികകാരണങ്ങളാൽ 4ജി പരീക്ഷണം വീണ്ടും നീളുമെന്നതിനാലാണ് താമസം. ഒക്ടോബറിൽ അവസാനിക്കേണ്ട ട്രയൽ ജനുവരി പകുതിയിലേക്കു നീട്ടിയിരിക്കുകയാണ്. ബിഎസ്എൻഎല്ലിന് 4ജി സാങ്കേതികവിദ്യ ലഭ്യമാക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ടിസിഎസുമായുള്ള സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതേയുള്ളൂ.

4ജി ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ 40 വാട്ട് റേഡിയോ സംവിധാനം ഉപയോഗിക്കണമെന്നാണ് ബിഎസ്എൻഎലിന്റെ താൽപര്യപത്രത്തിൽ നിഷ്കർഷിക്കുന്നതെങ്കിലും ടിസിഎസ് 20 വാട്ട് സംവിധാനം ഉപയോഗിക്കാമെന്നാണ് ആദ്യം അറിയിച്ചത്. സ്വകാര്യ ടെലികോം കമ്പനികൾ 40, 80 വാട്ട് സംവിധാനമാണ് 4ജി നൽകാൻ ഉപയോഗിക്കുന്നത്. 2ജി ശൃംഖലയ്ക്കാണ് 20 വാട്ട് ഉപയോഗിക്കാറുള്ളത്. ഇക്കാരണത്താൽ താൽപര്യപത്രത്തിലെ നിബന്ധനകൾ കൃത്യമായി പാലിക്കണമെന്ന് ബിഎസ്എൻഎൽ നിർദേശം നൽകി.

തുടർന്ന് 40 വാട്ട് റേഡിയോ സംവിധാനം ഇന്നലെ മുതൽ ട്രയലിൽ ഉപയോഗിക്കാമെന്ന് ടിസിഎസ് സമ്മതിച്ചു. ഇത് ജനുവരി 15 വരെയെങ്കിലും നീളും. ഇതിനു ശേഷം കുറഞ്ഞത് 10 മാസമെങ്കിലുമെടുത്താൽ മാത്രമേ 4ജി നൽകിത്തുടങ്ങാൻ കഴിയൂ. രാജ്യമാകെ എത്തുമ്പോൾ 2023 തുടക്കമെങ്കിലുമാകുമെന്നാണ് വിലയിരുത്തൽ.

Top