ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഏറ്റുമുട്ടൽ. പശ്ചിമ ബംഗാളിലെ നോർത്ത് ദിനാജ്പൂർ ജില്ലയിലാണ് വെടിവയ്പ്പ്. അതിർത്തി രക്ഷാ സേനയുടെ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ആയുധങ്ങളുമായി ആക്രമണം നടത്തിയ കള്ളക്കടത്തു സംഘത്തിലെ ഒരാളാണ് കൊല്ലപ്പെട്ടത്.

പശ്ചിമ ബംഗാളിലെ നോർത്ത് ദിനാജ്പൂരിലെ റായ്ഗഞ്ച്, മുർഷിദാബാദിലെ അതിർത്തിയിലാണ് ഏറ്റുമുട്ടൽ. സെക്ടർ റായ്ഗഞ്ചിലെ ഹരിഹർപൂർ ഔട്ട്‌പോസ്റ്റിൽ ബിഎസ്‌എഫ് സംഘം രാത്രി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ അതിർത്തി വേലിക്ക് സമീപം ആയുധങ്ങളുമായി 10 ഓളം കള്ളക്കടത്തുകാരെ കണ്ടു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാൻമാർ ഇവരെ തടയാൻ ശ്രമിച്ചപ്പോൾ, ആയുധങ്ങളുമായി ഇവർ പാഞ്ഞടുത്തു. പിന്നാലെയാണ് ആക്രമണം ആരംഭിച്ചത്. ഇതിനിടെ രണ്ട് അക്രമികൾ സൈനികന്റെ റൈഫിൾ തട്ടിയെടുക്കാൻ ശ്രമിച്ചു. തുടർന്ന് ജവാൻമാർ രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു.

ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. മൃതദേഹം കണ്ടെടുത്ത് ഗംഗറാംപൂർ പൊലീസിന് കൈമാറി. സംഭവത്തിൽ 100 ​​കുപ്പി ഫെൻസിഡിൽ, 10 കിലോ ആമത്തോൽ എന്നിവ കണ്ടെടുത്തു. ഇവയും പൊലീസിന് കൈമാറി.

Top