രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം; ബിഎസ്എഫ് ജവാൻ വീരമൃത്യു.

indian-army

ശ്രീനഗർ: ജമ്മുകശ്മീരിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന്‌ വീരമൃത്യു. അർനിയ – ആർഎസ് പുര സെക്ടറിൽ ബുധനാഴ്ച അർധരാത്രിയോടെ ആയിരുന്നു ആക്രമണം നടന്നത്. മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ചാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. ഈ ആക്രമണത്തെ ശക്തമായി ചെറുത്തുനിൽക്കുന്നതിനിടെയാണ് ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചത്‌.

പാക്കിസ്ഥാൻ റേഞ്ചേഴ്സുമായുള്ള ഏറ്റുമുട്ടൽ അർധരാത്രി കഴിഞ്ഞും നീണ്ടു. ഞായറാഴ്ച അർധരാത്രി നടന്ന ഏറ്റുമുട്ടലിൽ ഏഴു പാക്ക് സൈനികരെ ഇന്ത്യ വധിച്ചിരുന്നു. സാംബ അതിർത്തിയിലായിരുന്നു ഏറ്റുമുട്ടൽ.

അർനിയ സെക്ടറിൽ കഴിഞ്ഞ ദിവസം ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച ഭീകരനെ സേന കൊലപ്പെടുത്തിയിരുന്നു. രണ്ട് ഭീകരർ രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് രാജ്യാന്തര അതിർത്തിയിലുടനീളം സുരക്ഷയും തിരച്ചിലും ശക്തമാക്കി ‘ഓപ്പറേഷൻ അലർട്ട്’ എന്ന പേരിൽ സേനാ നടപടികൾക്കു ബിഎസ്എഫ് തുടക്കമിട്ടു. 200 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യാന്തര അതിർത്തി കനത്ത കാവലിലാണെന്നു സേനാവൃത്തങ്ങൾ അറിയിച്ചു.

പാക്കിസ്ഥാൻ സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ജമ്മു അഡീഷണല്‍ കമ്മീഷണര്‍ അരുണ്‍ മന്‍ഹാസ് അറിയിച്ചു.

Top