പൂഞ്ചില്‍ പാക് ആക്രമണം; കൊല്ലപ്പെട്ട ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക്ക് സൈന്യം നടത്തിയ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു ജവാന്മാരുടെ മൃതദേഹം വികൃതമാക്കി.

സംഭവത്തിനുപിന്നില്‍ പാക്ക് സൈന്യമാണെന്ന് ഇന്ത്യ ആരോപിച്ചു. അതിര്‍ത്തി രക്ഷാസേനയിലെ ഒരു ബിഎസ്എഫ് സൈനികനും മറ്റൊരു ജൂനിയര്‍ ഓഫിസറുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

രാവിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ബിഎസ്എഫ് പോസ്റ്റിനു സമീപമായിരുന്നു ആക്രമണം നടത്തിയത്. ഒരു സൈനികനു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

അതിര്‍ത്തിയിലുണ്ടായിരുന്ന സൈനികര്‍ ഉചിതമായ തിരിച്ചടി നല്‍കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കശ്മീരിലെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് പാക്ക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സേനയ്ക്കു നേരെ പാക്ക് സൈന്യം ആക്രമണം നടത്തിയത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് എട്ടാം തവണയാണ് അതിര്‍ത്തിയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് പൂഞ്ച് സെക്ടറിലും ഏപ്രില്‍ 17ന് നൗഷേര സെക്ടറിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് സൈന്യം മോര്‍ട്ടാര്‍ ഷെല്ലാക്രമണം നടത്തിയിരുന്നു.

Top