പാക്ക് സംഘത്തിന്റെ തുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ് ജവാന്മാര്‍

ശ്രീനഗര്‍: ഇന്ത്യ-പാക് നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ബിഎസ്എഫ് ജവാന്മാരുടെ ശക്തമായ ചെറുത്തുനില്‍പ്പില്‍ പരാജയപ്പെട്ടു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാത്രി 11.30ഓടെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് സൈനിക വക്താവ് വ്യക്തമാക്കി.

അഞ്ച് നുഴഞ്ഞുകയറ്റക്കാര്‍ നിയന്ത്രണ രേഖയിലെ നൗഗാമില്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിര്‍ത്തിരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അതിര്‍ത്തിരക്ഷാ സേന ഷെല്ലിങ് നടത്തുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെയാണ് പാക് സംഘം പിന്‍വാങ്ങിയത്.

ഭീകരാക്രമണത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലും അന്താരാഷ്ട്ര ബോര്‍ഡറിലും ശക്തമായ സൈനിക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സെപ്തംബര്‍ 12, 13 തീയ്യതികളില്‍ ബാരാമുള്ളയില്‍ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ രണ്ട് തീവ്രവാദികള്‍ ബിഎസ്എഫ് ജവാന്മാരുടെ വെടിയേറ്റു മരിച്ചിരുന്നു. നിയന്ത്രണരേഖയിലെ ഉറി സെക്ടറിലാണ് സംഭവം നടന്നത്.

Top