വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങ് ഇന്ത്യ റദ്ദാക്കി; അഭിനന്ദനെ കാത്ത് രാജ്യം

ചണ്ഡീഗഡ്: അട്ടാരി-വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ പതാകതാഴ്ത്തല്‍ (ബീറ്റിങ് റിട്രീറ്റ്) ചടങ്ങ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്) റദ്ദാക്കി. പാക്കിസ്ഥാന്റെ പിടിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൈമാറുന്ന സാഹചര്യത്തിലാണ് ചടങ്ങ് ഒഴിവാക്കിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ ശിവ് ദുലര്‍ സിങാണ് ഇക്കാര്യം അറിയിച്ചത്.

അഭിനന്ദന്‍ വര്‍ധമാന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ജനങ്ങള്‍ മുഴുവന്‍. ഉച്ചയ്ക്ക് ശേഷം നാലു മണിയോടെ അദ്ദേഹം വാഗാ അതിര്‍ത്തിയിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതേസമയം പാക്കിസ്ഥാന്‍ അഭിനന്ദന്റെ തിരിച്ചു വരവ് മനപൂര്‍വം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആക്ഷേപം ഉയര്‍ന്നു വരുന്നുണ്ട്. അഭിനന്ദനെ തിരികെ കൊണ്ടു വരാന്‍ യുദ്ധവിമാനം അയക്കാം എന്ന ഇന്ത്യയുടെ നിര്‍ദേശം പാക്കിസ്ഥാന്‍ തള്ളിയിരുന്നു. അഭിനന്ദനെ തിരികെ കൊണ്ടു വരാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം ലാഹോറിലേക്ക് അയക്കാം എന്ന് ഇന്ത്യ അറിയിച്ചെങ്കിലും ഈ നിര്‍ദേശം പാക്കിസ്ഥാന്‍ തള്ളുകയായിരുന്നു. പഞ്ചാബിലെ വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ മടക്കി അയക്കാം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പാക്കിസ്ഥാന്‍.

അഭിനന്ദനുമായി പാക്ക് സംഘം റാവല്‍ പിണ്ടിയില്‍ നിന്ന് ലാഹോറിലേക്ക് തിരിച്ചിട്ടുണ്ട്. അവിടെ നിന്ന് റെഡ്ക്രോസ്സിന് കൈമാറും. അതിന് ശേഷം പ്രാഥമികമായ ആരോഗ്യപരിശോധനകള്‍ റെഡ്ക്രോസ്സ് നടത്തും. ഏതാനും കിലോമീറ്റര്‍ ദൂരം മാത്രമേ ലാഹോറില്‍ നിന്ന് വാഗാ അതിര്‍ത്തിയിലേക്കുള്ളൂ. വ്യോമസേനയുടെ പ്രത്യേക സംഘം അദ്ദേഹത്തെ വാഗാഅതിര്‍ത്തിയില്‍ സ്വീകരിക്കും.

പിതാവ് എസ്. വര്‍ധമാനും മാതാവ് ഡോക്ടര്‍ ശോഭയും അഭിനന്ദിനെ സ്വീകരിക്കാനായി വാഗയിലുണ്ടാകും. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട അഭിനന്ദന്റെ വീട്ടുകാര്‍ക്ക് വിമാന യാത്രക്കാരില്‍ നിന്ന് ലഭിച്ച കൈയ്യടി രാജ്യത്തിന് അഭിനന്ദിനോടുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഉത്തമോദാഹരണമായിരുന്നു. വിമാനത്തില്‍കയറിയ വീട്ടുകാരെ ആദ്യം യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും യാത്രക്കിടയില്‍ ഈ വിവരം അറിഞ്ഞ യാത്രക്കാര്‍ വിമാനം ഇറങ്ങിയതും തങ്ങളുടെ സ്‌നേഹവും ബഹുമാനവും കൈയ്യടിച്ചു കൊണ്ട് പങ്കുവെച്ചു.ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങവെ അഭിനന്ദന്റെ വീട്ടുകാര്‍ക്ക് ആദ്യം ഇറങ്ങാനുള്ള അവസരം ഒരുക്കി കൊടുത്ത് ഏവരും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ പൈലറ്റിനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പ്രദേശവാസികളും ഒരുക്കിയിരിക്കുന്നത്. നിരവധി പേരാണ് മുദ്രാവാക്യങ്ങളുമായി അഭിനന്ദനെ സ്വീകരിക്കാനായി എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ വീരപുത്രനാണ് അഭിനന്ദനെന്നും അഭിനന്ദനെ അഭിമാനപൂര്‍വ്വം സ്വീകരിക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു. പാക്ക് പട്ടാളത്തിന്റെ മുമ്പില്‍ പതറാതെ തലയുയര്‍ത്തി നിന്ന വിംഗ് കമാന്‍ഡറോട് വലിയ ബഹുമാനവും സ്നേഹവുമാണ് ജനം പ്രകടിപ്പിക്കുന്നത്.

മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം വ്യാഴാഴ്ച വൈകിട്ട് എത്തുന്നത്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം ഇമ്രാന്‍ ഖാന്‍ നടത്തിയത്.

റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷം വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് സൂചന.
വാഗ ബോര്‍ഡറില്‍ അഭിനന്ദനെ സൈനിക മേധാവികളും മറ്റ് പ്രമുഖരും മാതാപിതാക്കളും ചേര്‍ന്ന് സ്വീകരിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും അഭിനന്ദനെ സ്വീകരിക്കാന്‍ എത്തും. ശേഷം രാജ്യതലസ്ഥാനത്തെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരെ കണ്ടേക്കും.

ജനീവ കണ്‍വെന്‍ഷന്‍ മാനിച്ച് വൈമാനികനെ സുരക്ഷിതമായി വിട്ടയച്ചാലല്ലാതെ ഒരു ചര്‍ച്ചക്കും ഇടമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. 26ന് വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പോര്‍വിമാനങ്ങളെ ചെറുക്കുന്നതിനിടെയാണ് മിഗ് 21 വിമാനം ഇന്ത്യക്ക് നഷ്ടമാവുകയും അഭിനന്ദന്‍ പാകിസ്ഥാന്റെ പിടിയിലാവുകയും ചെയ്തത്.

Top