പി.എസ്.സി. ബിരുദതല പരീക്ഷകളില്‍ ഇനി മലയാളം ചോദ്യങ്ങളും

തിരുവനന്തപുരം: പി.എസ്.സി. ബിരുദതല പരീക്ഷകളില്‍ അടുത്ത ചിങ്ങം ഒന്നു മുതല്‍ മലയാളം ചോദ്യം ഉള്‍പ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയനും പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീറും ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടായത്. 100 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 10 മാര്‍ക്കിന്റെ മലയാള ചോദ്യങ്ങളാണ് ഉണ്ടാകുക. ചില പരീക്ഷകള്‍ പൂര്‍ണ്ണമായും മലയാളത്തിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പി.എസ്.സി. ചെയര്‍മാന്‍ അംഗീകരിച്ചു.

സ്‌പോര്‍ട്‌സ് ക്വാട്ടയിലെ നിയമനം വൈകുന്നത് ഒഴിവാക്കാനും നടപടിയെടുക്കും. സര്‍ക്കാരിനുവേണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത വിലയിരുത്തുന്നത്. അത് മാറ്റി യോഗ്യത വിലയിരുത്താനുളള ചുമതല പി.എസ്.സി.യെ ഏല്‍പ്പിക്കുന്ന കാര്യത്തിലും ധാരണയായി. ഇതു സംബന്ധിച്ച നിയമ നടപടികള്‍ സര്‍ക്കാര്‍ ഉടനെ പൂര്‍ത്തിയാക്കും.

പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണ ക്വാട്ടയിലേക്കുളള നിയമനം വേഗത്തിലാക്കുന്നതിനുളള മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ പി.എസ്.സി. അംഗീകരിച്ചു. ചര്‍ച്ചയില്‍ പി.എസ്.സി. ഉദ്യോഗസ്ഥര്‍ക്കു പുറമെ ഔദ്യോഗിക ഭാഷ വകുപ്പു സെക്രട്ടറി കെ.ആര്‍. ജ്യോതിലാലും പങ്കെടുത്തു.

Top